ശബരിമല: കഴിഞ്ഞതവണ സമരക്കാരെ ഓടിക്കുന്ന പോലീസിനെ കണ്ട് പേടിച്ചു പോയെന്ന് പറയുന്നവരൊക്കെ കുഞ്ഞ് വാമികയും വർഷിതും പറയുന്നത് കേൾക്കണം. വാമികയ്ക്കും വർഷിതിനും കേരളാ പോലീസെന്നാൽ സ്നേഹത്തണലാണ്. വിശന്ന് തളർന്ന് പോയപ്പോൾ ഭക്ഷണമെത്തിച്ച് ആൾത്തിരക്കിൽ നിന്നും മാറ്റി നിർത്തി വിശ്രമിക്കാൻ ഇടം കണ്ടെത്തി നൽകിയ കേരളാ പോലീസിൽ ഇവർക്ക് നന്മ മാത്രമെ കാണാനായുള്ളൂ. സമരക്കാരെ ഓടിക്കുന്നവർ മാത്രമല്ല, കരുതലോടെ സംരക്ഷിക്കുന്നവരുമാണ് പോലീസെന്ന് ഈ രണ്ട് കുട്ടികളും പറയും.
കാസർകോട് നീലേശ്വരത്തു നിന്ന് ശബരിമലയിൽ ദർശനത്തിനെത്തിയ കുട്ടികൾക്കാണ് പോലീസ് സംരക്ഷണ വലയമായത്. ഇവരുടെ കൂടെ വന്ന മുത്തച്ഛൻ ഗോപാലൻ തളർന്ന് വീണതോടെ എന്തുചെയ്യണമെന്ന് അറിയാതെ കുട്ടികൾ പകച്ചുപോവുകയായിരുന്നു. ഇതോടെ കുട്ടികൾക്ക് സംരക്ഷണം ഒരുക്കുകയായിരുന്നു പോലീസ്. വാമിക മൂന്നാം ക്ലാസിലും സഹോദരൻ വർഷിത് ഒമ്പതാം ക്ലാസിലുമാണ് പഠിക്കുന്നത്. മുത്തച്ഛൻ ഗോപാലന് ഒപ്പമാണ് ഇരുവരും എത്തിയത്. രാവിലെ 9ന് ദർശനത്തിനായി തിരുമുറ്റത്ത് ക്യൂ നിൽക്കുന്നതിനിടെയാണ് മുത്തച്ഛൻ തളർന്നു വീണത്.
ഇത് ശ്രദ്ധയിൽപ്പെട്ട പോലീസ് നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹത്തെ താങ്ങിയെടുത്ത് ക്യൂവിൽ നിന്നും പുറത്തെത്തിച്ചു. മിനിറ്റുകൾക്കുള്ളിൽ ഡോക്ടറെ വരുത്തി പൾസ് നോക്കിച്ചു. അപ്പോൾ തന്നെ സ്ട്രെച്ചറിൽ കിടത്തി ചുമന്ന് സന്നിധാനം ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇതോടെ ഒറ്റപ്പെട്ട് പോയ കുട്ടികൾ എന്തു ചെയ്യണമെന്ന് അറിയാതെ കരച്ചിലായി. ഇതോടെ ഇവരെ പോലീസുകാർ തിരിക്കിനിടയിൽ നിന്നു മാറ്റി. വലിയമ്പലത്തിന്റെ ഭിത്തിയോട് ചേർത്ത് തണലുള്ള ഭാഗത്ത് പുൽപ്പായ് വിരിച്ച് വിശ്രമിക്കാൻ ഇടം നൽകി. ആശ്വാസ വാക്കുകൾ പറഞ്ഞ് സാന്ത്വനിപ്പിച്ച് കരച്ചിലും മാറ്റി.
ഭക്ഷണം കഴിച്ചതാണോ എന്നു തിരക്കിയപ്പോൾ വെള്ളം പോലും കുടിച്ചിട്ടില്ലെന്നായിരുന്നു കുഞ്ഞുങ്ങളുടെ മറുപടി. ഇതറിഞ്ഞയുടൻ പതിനെട്ടാംപടിയിൽ ഡ്യൂട്ടിക്കു നിൽക്കുന്ന പോലീസുകാർക്കായി കരുതിയിരുന്ന ഹോർലിക്സ് കൊണ്ടുവന്നു കൊടുത്തു. നിർബന്ധിച്ചു കുടിപ്പിച്ചു. പിന്നെ അവരെ ദർശനത്തിനായി കൊണ്ടുപോയി. അതിനു ശേഷം ആശുപത്രിയിൽ കൊണ്ടുപോയി മുത്തച്ഛനെ കാണിച്ചു. ഇതോടെ സമരക്കാരെ ഇടിക്കുന്ന പോലീസല്ല മനുഷ്യത്വത്തിന്റെ മുഖമാണ് പോലീസിന് എന്നു ഈ കുഞ്ഞുങ്ങളും തിരിച്ചറിയുകയായിരുന്നു.