കൊച്ചി: രാജസ്ഥാനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച ബിഎസ്എഫ് ജവാന് ബിനോയ് എബ്രഹാമിന് നാടിന്റെ ആദരാഞ്ജലി. സൈനിക ബഹുമതികളോടെയായിരുന്നു മൃതദേഹം പിറവം വലിയ പളളി സെമിത്തേരിയില്‍ സംസ്കരിച്ചത്. അതേസമയം, ബിനോയിയുടെ മൃതദേഹം പള്ളിയുടെ അകത്ത് കയറ്റുന്നത് സംബന്ധിച്ച് യാക്കോബായ ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി.
രാജസ്ഥാനിലെ ബാര്‍മീറില്‍ ബിനോയ് ഓടിച്ചിരുന്ന മിലിട്ടറി ട്രക്ക് എതിരെ വന്ന ടൂറിസ്റ്റ് ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച്ച രാവിലെയായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച മൃതദേഹം സൈനിക ബഹുമതികളോടെയാണ് ബിനോയിയുടെ ഇടവകയായ പിറവം വലിയ പള്ളിയില്‍ സംസ്കരിച്ചത്. യാക്കോബായ വിഭാഗത്തിന്റെ പള്ളിയില്‍ പ്രാര്‍ത്ഥനകള്‍ നടത്തിയതിന് ശേഷമാണ് മൃതദേഹം പള്ളിയിലേക്കെത്തിച്ചത്. മൃതദേഹം പള്ളിയുടെ അകത്ത് കയറ്റണമെന്ന് കുടുംബം ആവശ്യപ്പെട്ടു. പള്ളിക്കകത്തുണ്ടായിരുന്ന ഓര്‍ത്തഡോക്സ് വിഭാഗവുമായി സംസാരിച്ച് പോലീസ് ജവാന്റെ മൃതദേഹം പള്ളിയുടെ അകത്ത് കയറ്റാന്‍ അവസരമൊരുക്കി.
എന്നാല്‍, കൂടുതല്‍ യാക്കോബായ വിശ്വാസികള്‍ പള്ളിക്കുള്ളില്‍ പ്രവേശിക്കാന്‍ വന്നപ്പോള്‍ ക്രമസമാധന പ്രശ്നം ചൂണ്ടിക്കാട്ടി പോലീസ് വിലക്കുകയായിരുന്നു. അതേസമയം, സൈനികന്റെ മൃതദേഹം പള്ളിയുടെ അകത്ത് കയറ്റിയില്ലെന്നാരോപിച്ച് യാക്കോബായ വിഭാഗം പ്രതിഷേധ മാര്‍ച്ച് നടത്തി.
Discussion about this post