മീനങ്ങാടി: മോഷണക്കേസിൽ പിടിയിലായ യുവാവ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ. വയനാട് മീനങ്ങാടി സ്വദേശിയായ അജേഷാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നത്. ലഹരിക്ക് അടിമയായ യുവാവ് ലഹരി കിട്ടാതെ വിഭ്രാന്തി കാണിച്ചാണ് ഗുരുതരാവസ്ഥയിൽ ആയതെന്നാണ് പോലീസ് ഭാഷ്യം. എന്നാൽ, പോലീസ് കസ്റ്റഡിയിൽ യുവാവ് മർദ്ദനത്തിന് ഇരയായെന്ന് ആരോപിച്ച് കുടുംബം ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാനൊരുങ്ങുകയാണ്.
സുൽത്താൻ ബത്തേരി പുതുച്ചോല മാവാടി വീട്ടിൽ ശശിയുടെ മകൻ 34-കാരനായ അജേഷിനെ ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് ബത്തേരി പോലീസ് ബാറ്ററി മോഷണക്കേസിൽ അറസ്റ്റ് ചെയ്തത്. പിന്നാലെ ഇയാളെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മൊബൈൽ ടവറുകൾക്കു കീഴിലെ ബാറ്ററി മോഷ്ടിക്കുന്ന നാലംഗ സംഘത്തെ ബത്തേരി പോലീസ് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഈ സംഘം ബാറ്ററി മോഷണത്തിൽ അജേഷിനും പങ്കുണ്ടെന്ന് മൊഴി നൽകിയതിനെ തുടർന്ന് ബത്തേരി പോലീസ് അജേഷിനേയും അറസ്റ്റ് ചെയ്തു. പിന്നീട് ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്ത് വൈത്തിരി സബ് ജയിലിലേക്കയച്ചു.
എന്നാൽ പിറ്റേന്നു തന്നെ അവശനിലയിലായ അജേഷിനെ ജയിൽ അധികൃതർ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ലഹരി പഥാർത്ഥങ്ങൾ ഉപയോഗിച്ചിരുന്ന അജേഷ് ജയിലിൽ എത്തിയ ഉടൻ ലഹരി കിട്ടാത്തതിനെത്തുടർന്ന് വിഭ്രാന്തി കാട്ടിയിരുന്നുവെന്നാണ് വൈത്തിരി സബ് ജയിൽ അധികൃതർ പറയുന്നത്. വിഭ്രാന്തിയെ തുടർന്ന് ജയിലിലാക്കിയതിന്റെ പിറ്റേന്നു തന്നെ വൈത്തിരി താലൂക്ക് ആശുപത്രിയിലെത്തിച്ചു. കുറവില്ലാത്തതിനെത്തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നുവെന്നും ജയിൽ അധികൃതർ അറിയിച്ചു.
Discussion about this post