സന്നിധാനം: ശബരിമലയില്‍ അപ്പം, അരവണ നിര്‍മ്മാണത്തിനുള്ള ശര്‍ക്കരയ്ക്ക് ക്ഷാമം. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിന്ന് ശര്‍ക്കര ലോറികള്‍ എത്താന്‍ വൈകിയതാണ് ശര്‍ക്കര ക്ഷാമത്തിന് ഇടയാക്കിയത്.
40 ലക്ഷം കിലോ ശര്‍ക്കരയാണ് സന്നിധാനത്ത് ഒരു വര്‍ഷം അപ്പം, അരവണ നിര്‍മ്മാണത്തിന് ആവശ്യമുള്ളത്. നിലവില്‍ പത്ത് ലക്ഷത്തിലധികം കിലോയുടെ കുറവുണ്ട്. പ്രളയത്തെ തുടര്‍ന്ന് ശര്‍ക്കര വിപണിയില്‍ എത്തുന്നില്ലെന്നാണ് കരാറുകാരന്റെ വാദം.
അതേസമയം, പ്രതിസന്ധി പരിഹരിക്കാന്‍ നടപടി തുടങ്ങിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. സ്റ്റോക്കുള്ള മറ്റൊരു കമ്പനിക്ക് ഓഡര്‍ നല്‍കിയെന്നും പ്രതിസന്ധി ഉണ്ടാകാതെ കാര്യങ്ങള്‍ പരിഹരിക്കുമെന്നും ദേവസ്വം എക്സിക്യൂട്ടിവ് ഒഫീസര്‍
വിഎസ് രാജേന്ദ്ര പ്രസാദ് അറിയിച്ചു.
നേരത്തെ ചുമട്ടുകൂലി തര്‍ക്കത്തെ തുടര്‍ന്ന് പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള ശര്‍ക്കര നീക്കം തടസ്സപ്പെട്ടതും പ്രതിസന്ധി രൂക്ഷമാക്കി. ട്രാക്ടറുകള്‍ക്ക് പകല്‍ സമയം 12 മുതല്‍ 3 വരെ മാത്രമേ ലോഡുമായി പോകാന്‍ അനുമതി ഉള്ളൂ എന്നതും ശര്‍ക്കര നീക്കത്തെ ബാധിക്കുന്നുണ്ട്.
Discussion about this post