എപി അബ്ദുള്ളക്കുട്ടിയുടെ ഐ ഫോണ്‍ മോഷ്ടിച്ചയാള്‍ പോലീസ് പിടിയില്‍

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്

മംഗളൂരു: ബിജെപി കേരള സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എംപിയുമായ എപി അബ്ദുള്ളക്കുട്ടിയുടെ ഐ ഫോണ്‍ മോഷ്ടിച്ചയാള്‍ പോലീസ് പിടിയില്‍. ഉള്ളാള്‍ കോട്ടപ്പുറത്തെ ആസിഫ് ഹുസൈനാ(45)ണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് റെയില്‍വേ സുരക്ഷാസേനയാണ് ആസിഫിനെ പിടികൂടിയത്. വെള്ളിയാഴ്ചയാണ് സംഭവം. വൈകുന്നേരം 4.15-നുള്ള ചെന്നൈ സൂപ്പര്‍ഫാസ്റ്റ് തീവണ്ടിയില്‍ കണ്ണൂരിലേക്കു പോകാന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ അബ്ദുള്ളക്കുട്ടി ട്രെയിന്‍ എത്തിയപ്പോള്‍ തിരക്കിട്ട് കയറുന്നതിനിടെ ഫോണ്‍ ഇരിപ്പിടത്തില്‍ വെച്ച് മറന്നു.

ഉടന്‍ തന്നെ ട്രെയിനില്‍ നിന്നും തിരിച്ചിറങ്ങി ഫോണ്‍ അന്വേഷിച്ചെങ്കിലും അപ്പോഴേക്കും നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് പരാതിയുമായി അബ്ദുള്ളക്കുട്ടി പോലീസിനെ സമീപിക്കുകയായിരുന്നു. ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ആസിഫ് ഫോണെടുത്ത് പോകുന്നത് കണ്ടു. പിന്നീട് ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

45,000 രൂപ വിലയുള്ള ഐ ഫോണാണ് മോഷ്ടിച്ചത്. ആസിഫ് ഹുസൈനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് ഫോണ്‍ മോഷ്ടിച്ചതായി സമ്മതിച്ചത്. മംഗളൂരു തര്‍ക്കാരി മാര്‍ക്കറ്റില്‍ ഉപേക്ഷിച്ച ഓട്ടോയ്ക്കുള്ളില്‍ ഒളിപ്പിച്ച ഫോണും കണ്ടെടുത്തു. ഇയാളെ പിന്നീട് മംഗളൂരു റെയില്‍വേ പോലീസിന് കൈമാറി.

Exit mobile version