തൃശൂര്‍: നിയമാനുസൃതമായി ടിക്കറ്റ് നല്‍കാത്ത സ്വകാര്യ ബസുകള്‍ക്കെതിരെ പെര്‍മിറ്റ് വ്യവസ്ഥയുടെ ലംഘനമായി നടപടിയെടുക്കുമെന്ന് റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. ടിക്കറ്റ് നല്‍കാത്ത സ്വകാര്യ ബസുകളിലെ കണ്ടക്ടര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുളള നടപടികളും സ്വീകരിക്കുമെന്ന് മധ്യമേഖല ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
മധ്യമേഖലയില്‍ ഉള്‍പ്പെടുന്ന തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍, പ്രത്യേകിച്ച് തൃശൂര്‍ ജില്ലയില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ ടിക്കറ്റ് നല്‍കുന്നില്ലെന്ന് പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് നടപടി.
കൂടാതെ വിദ്യാര്‍ത്ഥികളെ കയറ്റാതിരിക്കുക, അര്‍ഹരായവര്‍ക്ക് കണ്‍സഷന്‍ നല്‍കാതിരിക്കുക, എയര്‍ ഹോണ്‍, മ്യൂസിക് ഹോണ്‍ എന്നിവ ഘടിപ്പിക്കുക, സ്റ്റീരിയോ സിസ്റ്റം ഘടിപ്പിക്കുക, സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക, ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍ എന്നിവര്‍ യൂണിഫോം, നെയിം ബാഡ്ജ് എന്നിവ ധരിക്കാതിരിക്കുക, വാഹനത്തിന് ഫെയര്‍ ചാര്‍ജ്ജ്, വാഹനത്തിന് പുറത്ത് സമയപട്ടിക എന്നിവ പ്രദര്‍ശിപ്പിക്കാതിരിക്കുക, അനുവദിച്ച ട്രിപ്പുകളില്‍ സര്‍വീസ് നടത്താതിരിക്കുക, ഫസ്റ്റ് എയ്ഡ് ബോക്സ് സൂക്ഷിക്കാതിരിക്കുക. തുടങ്ങിയ നിയമലംഘനങ്ങള്‍ക്കതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുവാന്‍ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉദ്യോഗസ്ഥരോടും നിര്‍ദേശം നല്‍കി.