1, ഒരാളെ നായകനാക്കി, നല്ലവനാക്കി എഴുതുന്നതിനൊരു പാറ്റേണുണ്ട്. അയാളുടെ ഇടപെടലുണ്ടായ ഒരു വിഷയമെഴുതുക, ആ വിഷയം പോളിസിയുടെ ഭാഗമോ സിസ്റ്റത്തിനെ നന്നാക്കലോ അല്ലെങ്കില്‍പ്പോലും ഇമ്മീഡിയറ്റ് നന്മക്ക് ഊന്നല്‍ നല്‍കുക,വായിക്കുന്നവരുടെ വൈകാരികതയെ ഉത്തേജിപ്പിക്കുന്ന ഒരു എന്‍ഡിംഗില്‍ ആ വിഷയം നിര്‍ത്തുക, ശേഷം അയാളുടെ ദൈനംദിനചര്യായാണത്തരം ഇടപെടലെന്ന് അടിവരയിടുക, സാത്വികഭാവത്തിലൊരു ചിത്രം ചേര്‍ക്കുക, നെഞ്ചില്‍ കൊള്ളുന്ന പഞ്ചിട്ട് കാര്യമവസാനിപ്പിക്കുക. ക്ലീന്‍.!
2, ഉമ്മന്‍ചാണ്ടിക്കത് ചെയ്യാന്‍ മനോരമയുണ്ടായി, മനോരമക്ക് ഫോട്ടോഗ്രാഫറുണ്ടായി. മുടി ചീകാതിരിക്കലും ട്രയിനില്‍ കിടന്നുറങ്ങലും പട്ടിണിപ്പാവങ്ങളുടെ നിവേദനം വാങ്ങലുമായിരുന്നയാളുടെ മെയിന്‍. കൂടെയുള്ളവന്റെ കുതികാല്‍ വെട്ടിയും ഗ്രൂപ്പായി തിരിഞ്ഞ് കൂട്ടത്തില്‍ കുത്തിയും സാമുദായിക നേതാക്കള്‍ക്ക് തിരുമ്മിക്കൊടുത്തും മുഖ്യമന്ത്രി കസേരയിലെത്തിയ അങ്ങേര്‍ നിര്‍ഗുണപരബ്രഹ്മങ്ങള്‍ക്കിടയില്‍ ജനകീയനായതിലെ പ്രധാന സൂത്രവാക്യം മുകളിലെ ഇന്‍സിഡന്റ്‌സ് ബേസ്ഡ് ഇമോഷന്റെ നൈസായ കുത്തിവെക്കലുകളായിരുന്നു, വെല്‍ പ്ലാനഡ് സ്‌ക്രിപ്റ്റുകളുടെ എക്‌സിക്യൂഷനായിരുന്നു.
3, സ്വഭാവികമായും ഒരാളെ വില്ലനാക്കുന്നതിനൊരു പാറ്റേണുണ്ടാവണം. ആസൂത്രിതമായ നെഗറ്റീവ് വാര്‍ത്തകളൊരുക്കുക, അതേ ചേരിയിലെ മറ്റൊരാള്‍ക്ക് ഹീറോ പരിവേശം നല്‍കി നല്ലവന്‍-കെട്ടവന്‍ ദ്വന്തം സൃഷ്ടിക്കുക, നല്ലവനെ താങ്ങി കെട്ടവനെ കൊട്ടുക, കെട്ടവന്റെ ചിരിക്കാത്ത മുഖം ജനങ്ങളില്‍ സട്ടിലായി പതിപ്പിക്കുക, നിഗൂഢത കൂട് കെട്ടുന്ന കഥകളെഴുതുക, കഥ പറയാന്‍ കാഥികരെ കാശ് കൊടുത്തിറക്കുക.
4, പിണറായി വിജയനെതിരെ അത് ചെയ്യാന്‍ മനോരമയുണ്ടായി, മാതൃഭൂമിയുണ്ടായി, മംഗളമുണ്ടായി, അങ്ങ് തലസ്ഥാനം മുതല്‍ അക്ഷരനഗരി വഴി മലബാര്‍ വരെ നിരക്കുന്ന അച്ചുകളുണ്ടായി. ഏഷ്യാനെറ്റ് മുതലിങ്ങോട്ട് പിറവിയെടുത്ത ചാനല്‍കൂട്ടങ്ങളുണ്ടായി. നിരീക്ഷകര്‍ക്ക് കഥ പറയാന്‍ ചര്‍ച്ചകളുണ്ടായി.
ലാവ്‌ലിനും ഓട്ടോമാറ്റിക് ഗേറ്റുള്ള ബംഗ്ലാവും സിംഗപ്പൂരില്‍ ബിസിനസുമുണ്ടായി.
5, ആരോപണം വന്നപ്പോള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് മാറിനിന്നും പാര്‍ട്ടിയിലെ നല്ലവന്‍ താഴ്ത്തിയപ്പോള്‍ തലയുയര്‍ത്തി കേറി നിന്നും പാര്‍ട്ടിയെ കൊട്ടിയപ്പോള്‍ എതിരാളികള്‍ക്ക് മുന്നില്‍ ചീറിനിന്നും വിഭാഗീയത കാലത്ത് കെട്ടുപൊട്ടാതെ ചാരി നിന്നും അയാള്‍ പാര്‍ട്ടിയെയും, പാര്‍ട്ടിബോധം അയാളെയും നയിച്ചു. ഒഴിയുന്ന കാലം വരെ തന്റെ പക്ഷത്തെ പിണറായി പക്ഷമെന്നല്ല, ഔദ്യോഗികപക്ഷമെന്ന് വിളിപ്പിക്കാനും, ഒഴിയുന്ന നാളില്‍ അങ്ങനൊരു പക്ഷത്തെ മാത്രമായി ബാക്കി വക്കാനും വിധം അയാള്‍ പാര്‍ട്ടിയോട് കൂറ് വച്ചു. പാര്‍ട്ടി ആ കൂറിന് അര്‍ഹമായത് പകരം വച്ചു.
6, ഭരണം കിട്ടിയകാലം ചെങ്കോല്‍ കയ്യില്‍ കൊടുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതയാളെയാകുന്നത് കെട്ടകാലത്ത് പാര്‍ട്ടിയെ കൂട്ടിക്കെട്ടി നയിച്ചതിന്റെ നന്ദിക്കാണെന്നല്ല. ഇരിക്കുന്നതെവിടെയായാലും വേണ്ടത് വൃത്തിക്ക് ചെയ്യുമെന്ന്, സിസ്റ്റത്തില്‍ ഇടപെടുമെന്ന്, പോളിസിയെ ഉടച്ച് വാര്‍ക്കുമെന്ന്, കാര്യം നടത്തുമെന്നയാള്‍ മുന്‍പേ തെളിയിച്ചതുകൊണ്ടായിരുന്നു.
7, എന്ന്വച്ചാല്‍ 96ല്‍ പിണറായി വൈദ്യുതിമന്ത്രിയാകുന്ന കാലത്ത് തൃശൂര്‍ വിട്ട് മുകളിലേക്ക് കണ്ടമാനം ലൈനൊന്നും വലിച്ചിട്ടില്ല, വലിച്ചാലും കൊടുക്കാന്‍ വൈദ്യുതിയില്ല, വൈദ്യുതിയെത്തിയ വീടുകളില്‍ വോള്‍ട്ടേജില്ല. അതിപ്പോ കരണ്ടുണ്ടോ എന്നറിയാന്‍ കൈകൊണ്ട് തൊട്ട് നോക്കണം, ബള്‍ബ് കത്തിക്കിടക്കുവാണോ എന്നറിയാന്‍ അരികില്‍ ചെന്ന് നിക്കണം, ഫാന്‍ കറക്കിയെടുക്കാന്‍ കോല് കൊണ്ട് തട്ടിയാറ്റണം, കാര്യം നടക്കണെമെങ്കില്‍ സ്റ്റെപ്പപ്പെന്നൊരു സെറ്റപ്പ് വക്കണം.
8, തൃശൂരെ മടക്കത്തറയില്‍ നിന്ന് കാസറോട്ടെ മൈലാട്ടിയിലേക്ക് 220 കെവി ലൈന്‍ വലിച്ചാ കാര്യം നടക്കും. വകുപ്പിലക്കാലത്ത് തറക്കല്ലിടാനുള്ള വെട്ടുകല്ലും ഉത്ഘാടനമായാല്‍ മുറിക്കാനുള്ള നാടയും മാത്രമുണ്ട്, കെട്ടിക്കിടക്കുന്ന ഫയലുണ്ട്, അതിന്റെ കെട്ടഴിക്കാത്ത മേലാളന്മാരുണ്ട്. വിഷയം പഠിച്ച്, കാലയളവ് എസ്റ്റിമേറ്റ് ചെയ്ത്, ലൈന്‍ വലിക്കാനുള്ള പദ്ധതി വിശദീകരിക്കേ ‘ഉദ്ദേശിച്ച സമയം കൊണ്ട് കാര്യം നടക്കില്ലെന്നും സമയം നീട്ടിനല്‍കണം’ എന്ന് പറഞ്ഞ ഉദ്ദ്യോഗസ്ഥനോട് ‘ആ സമയം കൊണ്ട് നടത്താന്‍ പറ്റിയ ഏതെങ്കിലും ഉദ്ദ്യോഗസ്ഥരുണ്ടെങ്കില്‍ കാബിനിലേക്ക് വിടാന്‍’ പിണറായി പറഞ്ഞതിന്റെ പിറ്റേന്ന് മുതല്‍ പണി നടന്നു, അവിടെ ലൈന്‍ വലിഞ്ഞു, കാണുന്ന വെട്ടത്തില്‍ മലബാറിലെ ബള്‍ബൊക്കെ കത്തി നിന്നു.
9, അതിന് പാരലലായി കായംകുളത്ത്, ബ്രഹ്മപുരത്ത്, കളമശേരിയില്, കോഴിക്കോട്, കക്കാടില്‍, പെരിങ്ങല്‍ക്കൂത്തില്, ലോവര്‍ പെരിയാറ്റില് വിപ്ലവമുണ്ടായി, വൈദ്യുതിയേറ്റമുണ്ടായി. രണ്ടരക്കൊല്ലം മാത്രം വകുപ്പ് നോക്കി പാര്‍ട്ടി സെക്രട്ടറിയാവാന്‍ മന്ത്രിസ്ഥാനം രാജിവച്ച പിണറായിക്ക് കീഴില്‍ 1083 മെഗാവാട്ട് ഊര്‍ജ്ജം സംസ്ഥാനത്ത് അധികമുണ്ടായി. അതിന്റെ പുറത്ത് കേരളം കുതിക്കുകയുണ്ടായി.
10, ഇന്നിപ്പോ പിണറായി കേരളത്തിന്റെ മുഖ്യനാണ്. ഇന്നെന്ന് പറഞ്ഞാ ഇന്നലെകളില്‍ ഇല്ലാത്ത, വല്ലാത്ത ഇന്നാണ്. കേന്ദ്രത്തില്‍ സംഘ് വന്നു, നോട്ട് ബന്ധി വന്നു, കെടുതികള്‍ വന്നു, കലാപങ്ങള്‍ വന്നു. നാട് പലപ്പോഴും പെട്ട് നിന്നു. പക്ഷേ, ഓഖിക്കാലത്തയാള്‍ പാറിപ്പോവാതെ കരിങ്കല്ലായി, പ്രളയക്കാലത്ത് കരക്കെത്തിച്ച കപ്പിത്താനായി, മണ്ഡലക്കാലത്ത് കയര്‍ പൊട്ടിച്ചോടിയ കാളകളെ പൂട്ടിയ കാട്ടാളനായി, സിസ്റ്റത്തെ ചലിപ്പിക്കുന്ന കാര്യസ്ഥനായി, നാടിനെ മുന്നോട്ട് നയിക്കുന്ന കമ്യൂണിസ്റ്റായി.
11, കമ്പനി ഇട്ടിട്ട് പോയ ഗെയില്‍, പുതുപ്പള്ളിയിലെ എസ്റ്റേറ്റിലെ റബര്‍ പോകാതിരിക്കാന്‍ മുന്‍പ് ഒഴിവാക്കിയ, ഇച്ഛാശക്തികൊണ്ട് പൂര്‍ത്തിയാക്കി ഇന്നുല്‍ഘാടനം ചെയ്യുന്ന ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ, ജലപാത, തീരദേശ/മലയോര ഹൈവേ, ദേശീയപാതാ വികസനം എന്നിങ്ങനെ തീര്‍ന്നതും തീരാനായതുമായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പണ്ട് ‘പണി പറഞ്ഞ സമയത്ത് തീര്‍ക്കാന്‍ പറ്റുന്നയാരേലും കാബിനിലേക്ക് വിടാന്‍’ പറഞ്ഞ അതേ കാര്‍ക്കശ്യത്തിന്റെ കരുത്തുണ്ടായിരുന്നു, കാര്യം നടത്താനുള്ള കഴിവുണ്ടായിരുന്നു.
12, കേരളാബാങ്ക്, പൊതുവിദ്യാഭ്യാസ-ആരോഗ്യനയം, പൊതുമേഖലാ കമ്പനികള്‍, ക്ഷേമപെന്‍ഷന്‍, ഇന്‍ഷുറന്‍സ്, ലൈഫ് പദ്ധതി, മിനിമം വേജ്, ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി, ഇരിപ്പവകാശം എന്നിങ്ങനെ അടിസ്ഥാനവികസനത്തെ തൊടുന്നതും സാധാരണക്കാര്‍ക്ക് കൊണം കിട്ടുന്നതുമായ നീക്കങ്ങള്‍ക്ക് ഇടതുനയത്തിന്റെ പിന്‍ബലവും പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധതയുണ്ടായിരുന്നു.
13, അങ്ങനെ പിണറായിക്കാലത്തെ പറ്റി വാഷിംഗ്ടണ്‍ പോസ്റ്റില്‍ വാര്‍ത്ത വന്നു, ലാറ്റിനമേരിക്കയിലെ ടെലിസുറില്‍ വന്നു. യൂറോപ്പിലെ ബിബിസിയിലും, മിഡില്‍ ഈസ്റ്റിലെ ഖലീജിലും, ജസീറയിലും, അങ്ങ് കിഴക്ക് ജപ്പാന്‍ ടൈംസിലും, താഴെ ഓസ്‌ട്രേലിയയിലെ എബിസിയിലും വന്നു. നല്ല വാര്‍ത്തക്ക് സ്‌പേസുള്ള എല്ലാ പത്രങ്ങളിലും, എല്ലാ ഭൂഖണ്ഡങ്ങളിലും ചിരിക്കുന്ന അയാളുടെ ചിത്രം വന്നു. അപ്പോഴും നമ്മടെ നാട്ടിലെ പത്രങ്ങള്‍ക്ക് മാത്രമയാളെ പിടിക്കാതെ നിന്നു.
14. നാട്ടിലെ ഭരണയന്ത്രം ജര്‍മ്മന്‍ ടെക്‌നോളജി വികസിപ്പിച്ചെടുത്ത ഒന്നല്ലാത്തതുകൊണ്ടും കയ്യാളുകള്‍ ഇടതുനയം പ്രോഗ്രാം ചെയ്ത് പാലിച്ചുപോരുന്ന റോബോട്ടുകളല്ലാത്തതുകൊണ്ടും അതില്‍ വീഴ്ച്ചകളുണ്ടാവും. വീഴ്ചയുണ്ടായാല്‍ ഏറ്റു പറയണം, തിരുത്തണം. അങ്ങനെ ഏറ്റുപറയാന്‍ മടിയില്ലാതാവുന്നത് താന്‍ ജനങ്ങളോട് ബാധ്യതപ്പെട്ടിരിക്കുന്നുവെന്ന ബോധത്തില്‍ നിന്നാവണം. ‘എനിക്ക് തെറ്റ് പറ്റിയാല്‍ എന്നെ കത്തിക്കൂ’ എന്ന് പറയാന്‍ ഞാന്‍ എപ്പോഴും ശെരിയായിരിക്കുമെന്ന ഭാവം വേണം, തെറ്റ് പറ്റിയെന്ന് ലോകം മൊത്തം പറഞ്ഞാലും പിന്നെയും നിന്ന് കൊനയടിക്കാന്‍ ഉളുപ്പില്ലാതെ മോദിയാവണം. ഭരിച്ചിരുന്ന 365 ദിവസോം വീണ് മെഴുകണമെങ്കില്‍ അത് ഫ്രാഡുകളുടെ നേതാവാകണം, ഏത് ചോദ്യത്തിന് മുന്നിലും ബബബ അടിക്കണമെങ്കില്‍ ചാണ്ടിയാവണം. പിണറായി ഇത് രണ്ടുമല്ല.
15, കേരളത്തിന്റെ കഴിഞ്ഞ നാല് പതിറ്റാണ്ടിന്റെ രാഷ്ട്രീയഭൂമികയിലയാളുണ്ട്. തലശേരിക്കലാപകാലത്ത് ആളെക്കൂട്ടി ആപത്തൊഴിച്ചിട്ടുണ്ട്, ആയുധമെടുക്കരുതെന്ന് അപേക്ഷിച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥക്കാലത്തയാള്‍ അടികൊണ്ടിട്ടുണ്ട്, ആഭ്യന്തരമന്ത്രിയുടെ മുഖത്ത് നോക്കി ആക്രോശിച്ചിട്ടുണ്ട്. ആത്മീയവ്യാപാരികളെ ആട്ടിയിട്ടുണ്ട്, അധികാരമുഖത്ത് നിന്ന് അകറ്റി നിര്‍ത്തിയിട്ടുണ്ട്.
16. ഇക്കാലത്തയാള്‍ നാടിന്റെ നന്മക്കായി കത്തെഴുതലുണ്ട്, കാത്തിരിക്കലുണ്ട്. മാധ്യമങ്ങളെ കയ്യകലത്ത് നിര്‍ത്തലുണ്ട്, വേണ്ടിടത്ത് ക്ലാസെടുക്കലുണ്ട്. ഫെഡറല്‍ വ്യവസ്ഥയോട് കടപ്പാടുള്ളപ്പോള്‍ തന്നെ കണ്ണുരുട്ടിക്കാണിക്കുന്നവര്‍ക്ക് കരണത്ത് കൊടുക്കലുണ്ട്, ഭരിക്കുന്ന സംസ്ഥാനം ഒരുദിനമൊഴിവില്ലാതെ അന്താരാഷ്ട്ര സൂചികയില്‍ ഇടം പിടിക്കുന്നുണ്ട്.
17. ഇരുപതുകൊല്ലം എഴുതിത്തൊലക്കാന്‍ നോക്കിയ ഒരാളിങ്ങനെ ഓര്‍ഗാനിക്ക് ഹീറോയായി മുന്നില്‍ നില്‍ക്കുന്നെങ്കില്‍, പത്ത് ഹേറ്റേര്‍സിനെക്കൊണ്ട് അയാള്‍ കൊള്ളാമെന്ന് പറയിപ്പിക്കുന്നെങ്കില്‍ അയാളിലൊരു ടാലന്റ് വേണം, ആത്മധൈര്യം വേണം, ആശയദൃഢത വേണം, കയ്യില്‍ കറയില്ലാതിരിക്കണം. ഇപ്പഴും ഇടതുപക്ഷത്തിന് ഫ്രാഡിനെ നായകനാക്കി എഴുതാന്‍ പോന്ന മനോരമയില്ല, അജണ്ടക്കൊത്ത് വെള്ളപൂശാന്‍ കഴിവുള്ള മാതൃഭൂമിയില്ല. കയ്യിലുള്ള ദേശാഭിമാനിക്ക് ഒരു ലെയര്‍ വിട്ട് റീച്ചില്ല. അപ്പോ പിന്നെ അപ്പാവികളെഴുതും, പോസ്റ്റാക്കും. കാമറ മാധ്യമപ്രമുഖരുടെ മാത്രം കയ്യിലിരുന്ന പഴേ കാലമല്ല, അവരുടെ നേതാവ് ചിരിക്കുന്ന ചിത്രങ്ങളെടുക്കും, ട്രെന്‍ഡാക്കും. അതിന് ദെണ്ണിച്ചിട്ട് കാര്യമില്ല.
18, ഇതയാളെ നായകനാക്കി എഴുതിയ പോസ്റ്റാണ്. പക്ഷേ, ഇത് നിവേദനം വാങ്ങി കണ്ണീരൊപ്പിയ കളവല്ല, പ്രകടനപരതയുടെ വാഴ്ത്തുപാട്ടല്ല, ഇന്‍സിഡന്റ് ബേസഡ് ഇമോഷന്റെ ഇഞ്ചക്ഷനല്ല, കൂടെ ജനസമ്പര്‍ക്കത്തിനിടയിലെ ഹൈ റെസൊല്യൂഷന്‍ ചിത്രമില്ല. ഇതിനൊരു പഞ്ച് ലൈനിട്ട് അവസാനിപ്പിക്കുന്നത് നടപ്പുരീതി. പക്ഷേ, അയാള്‍ പറയുന്ന വാക്കുകളുടെ പഞ്ചോളം പോന്നത് എഴുതല്‍ എളുപ്പമല്ല. അതോണ്ട് ആ പഞ്ചുമില്ല.
സോ, ഇത് സിസ്റ്റത്തെ ചലിപ്പിക്കുന്ന അയാളുടെ മികവിനെ പറ്റിയാണ്, ഇന്നയാള്‍ നയിക്കുന്ന ഭരണനേതൃത്വത്തിന്റെ ഇച്ഛാശക്തിയില്‍ നാടിനെ ഒരു പത്തുകൊല്ലം മുന്നോട്ടെത്തിക്കുന്ന പദ്ധതിയുടെ ഉത്ഘടനമാണെന്ന് ഓര്‍മ്മിപ്പിക്കാനാണ്, പിണറായി വിജയനെന്റെ മുഖ്യമന്ത്രിയാണെന്ന് പിന്നെയും പിന്നെയും ആവര്‍ത്തിക്കാന്‍ അഭിമാനമാണെന്ന് വിളിച്ച് പറയാനാണ്..!
Discussion about this post