ഹരിപ്പാട്: ഗ്യാസ് അടുപ്പില്‍ നിന്ന് തീ പടര്‍ന്നാല്‍ ഉടനെ എന്ത് ചെയ്യണം…? ഇവയെ കുറിച്ചെല്ലാം വ്യക്തമായ കാഴ്ചപ്പാട് അഗ്നിരക്ഷാസേനയുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നുണ്ട്. ഇത് ഇന്ന് ഒരു വിദ്യാര്‍ത്ഥി പ്രയോഗിച്ചിരിക്കുകയാണ്. ആയതിനാല്‍ ഒഴിവായതാകട്ടെ വലിയ ദുരന്തവും. ഗ്യാസ് അടുപ്പ് കത്തിക്കുമ്പോള്‍ പടര്‍ന്നുപിടിച്ച തീ കെടുത്തിയാണ് അഞ്ചാം ക്ലാസുകാരന് താരമായത്.
മുതുകുളം സന്തോഷ് ഭവനത്തില്‍ സജിയുടെയും പ്രീതയുടെയും ഇളയമകനായ അഖില്‍(കിച്ചാമണി 10) ആണ് സമയോചിത ഇടപെടലിലൂടെയും പ്രവര്‍ത്തിയിലൂടെയും ദുരന്തം ഒഴിവാക്കിയത്. ചുനക്കരയിലെ അമ്മവീട്ടിലെത്തിയ അഖില്‍ കളിച്ചുകൊണ്ടിരിക്കെയാണ് അമ്മൂമ്മയുടെ നിലവിളി കേട്ടത്. കോമല്ലൂര്‍ പ്രീതാലയം വീട്ടില്‍ അമ്മിണി അടുക്കളയില്‍ ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെ തീ പടര്‍ന്നു പിടിക്കുകയായിരുന്നു.
ഓടിയെത്തിയ അഖില്‍ അടുക്കളയില്‍ കിടന്ന തുണി വെള്ളത്തില്‍ മുക്കി കത്തിക്കൊണ്ടിരുന്ന ഗ്യാസ് സിലിണ്ടറിന് മുകളിലിടുകയായിരുന്നു. ഇതോടെ വലിയ അപകടം ഒഴിഞ്ഞു മാറുകയും ചെയ്തു. ഫേസ്ബുക്കില്‍ അഗ്നിരക്ഷാസേനയുടെ ബോധവല്‍ക്കരണ വീഡിയോ കണ്ടതാണ് ഇത്തരത്തില്‍ ചെയ്യാന്‍ കാരണമെന്ന് അഖില്‍ പറയുന്നു. പിഞ്ചുകുഞ്ഞുള്‍പ്പെടെ അഞ്ച് പേര് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു. മുതുകുളം എസ്എന്‍എം യുപിഎസിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഖില്‍. അഖിലിന്റെ ഈ ഇടപെടലിന് ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്.
Discussion about this post