പാലക്കാട്: മദ്യനിരോധനം കൊണ്ട് മദ്യ ഉപയോഗം കുറയില്ലെന്ന് മന്ത്രി എകെ ബാലന്‍. മദ്യ വര്‍ജ്ജനത്തിന് സാഹചര്യം ഒരുക്കുകയാണ് ഫലപ്രദമെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. ലഹരി വര്‍ജ്ജന മിഷന്‍ ‘വിമുക്തി’യുടെ ഭാഗമായി സംഘടിപ്പിച്ച ‘നാളത്തെ കേരളം ലഹരി വിമുക്ത കേരളം’ എന്ന 90 ദിന തീവ്രയത്‌ന ബോധവത്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പാലക്കാട് നിര്‍വഹിക്കുകയും ചെയ്തു.
ലഹരി ഉപയോഗം നിയന്ത്രിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ഇടപെടല്‍ മികച്ച ഫലമുണ്ടാക്കും. ലഹരി ഉപയോഗിക്കുന്ന കുടുംബാംഗങ്ങളെയും പരിചിതരേയും പിന്തിരിപ്പിക്കാന്‍ കുട്ടികളുടെ സ്നേഹപൂര്‍ണമായ പ്രേരണയിലൂടെ കഴിയും. സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി ഉത്പന്നങ്ങള്‍ വില്‍ക്കുന്നവരെക്കുറിച്ച് വിവരം നല്‍കാനും അതുവഴി ലഹരി എത്തുന്നത് തടയാനും കുട്ടികളിലൂടെ കഴിയും. ലഹരിക്കെതിരെ പോരാടാന്‍ വിദ്യാര്‍ത്ഥികള്‍ മടിച്ചുനില്‍ക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ലഹരി വര്‍ജ്ജന മിഷന്‍ ‘വിമുക്തി’യുടെ ഭാഗമായി സംഘടിപ്പിച്ച ‘നാളത്തെ കേരളം ലഹരി വിമുക്ത കേരളം’ എന്ന 90 ദിന തീവ്രയത്‌ന ബോധവത്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പാലക്കാട്ട് നിര്‍വ്വഹിച്ചു. ലഹരി ഉപയോഗം നിയന്ത്രിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ഇടപെടല്‍ മികച്ച ഫലമുണ്ടാക്കും. ലഹരി ഉപയോഗിക്കുന്ന കുടുംബാംഗങ്ങളെയും പരിചിതരേയും പിന്തിരിപ്പിക്കാന്‍ കുട്ടികളുടെ സ്നേഹപൂര്‍ണമായ പ്രേരണയിലൂടെ കഴിയും. സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി ഉത്പന്നങ്ങള്‍ വില്‍ക്കുന്നവരെക്കുറിച്ച് വിവരം നല്‍കാനും അതുവഴി ലഹരി എത്തുന്നത് തടയാനും കുട്ടികളിലൂടെ കഴിയും. ലഹരിക്കെതിരെ പോരാടാന്‍ വിദ്യാര്‍ത്ഥികള്‍ മടിച്ചുനില്‍ക്കരുത്.
മദ്യനിരോധനം കൊണ്ട് മദ്യ ഉപയോഗം കുറയില്ല. മദ്യ വര്‍ജ്ജനത്തിന് സാഹചര്യം ഒരുക്കുകയാണ് ഫലപ്രദം. ഒരുകാലത്ത് വ്യാപകമായിരുന്ന പുകവലി ഉപയോഗം നല്ല രീതിയിലുള്ള പ്രചരണങ്ങളിലൂടെ കുറയ്ക്കാനായത് മാതൃകയാണ്. മദ്യ ഉപയോഗം വ്യക്തിപരമാണെങ്കിലും അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ സമൂഹത്തെയാകെ ബാധിക്കുന്നതാണ്. ശക്തമായ ബോധവത്കരണ പ്രവര്‍ത്തനങ്ങളിലൂടെയേ ഇതിന് തടയിടാനാവൂ. സര്‍ക്കാര്‍ നടത്തുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാരിലും ഇടത്തരക്കാരിലും ഒതുക്കാതെ സമൂഹത്തിലെ എല്ലാ മേഖലയിലും എത്തിക്കും.
പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളില്‍ ലഹരി ബോധവത്കരണം നടത്താനും കലാസാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കാനും പട്ടികജാതി- വര്‍ഗ്ഗ വകുപ്പ് പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ്. ലഹരിക്കെതിരായ പോരാട്ടത്തില്‍ സന്നദ്ധ സംഘടനകള്‍, യുവജന പ്രസ്ഥാനങ്ങള്‍, കുടുംബശ്രീ, സ്റ്റുഡന്റ് പോലീസ്, എന്‍ എസ്എസ്, വ്യാപാരി വ്യവസായികള്‍, റസിഡന്റ് അസോസിയേഷനുകള്‍,പിടിഎ കമ്മറ്റികള്‍,തദ്ദേശ സ്ഥാപനങ്ങള്‍,ജനകീയ കൂട്ടായ്മകള്‍ തുടങ്ങി എല്ലാവരെയും സഹകരിപ്പിക്കും. ലഹരി നിര്‍മ്മാര്‍ജ്ജനത്തിനാവശ്യമായ നടപടികളെടുക്കാന്‍ ഉദോഗസ്ഥര്‍ മടിച്ചുനില്‍ക്കരുത്.
90 ദിവസം നീണ്ടുനില്‍ക്കുന്ന ബോധവത്കരണത്തില്‍ ജില്ലയിലെ 88 പഞ്ചായത്തുകളും 7 മുനിസിപ്പാലിറ്റികളും വിപുലമായ ജനകീയ കമ്മറ്റികളിലൂടെ ”എന്റെ വീടും എന്റെ പ്രദേശവും എന്റെ പഞ്ചായത്തും ലഹരി വിമുക്തമാക്കും’ എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കണം. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി അധ്യക്ഷയായി. ജില്ലാ കലക്ടര്‍ ഡി. ബാലമുരളി പദ്ധതി വിശദീകരണം നടത്തി. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി. ബിന്ദു, ഡിഎംഒ. ഡോ. റീത്ത കെ. പി, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി. പി. സുലേഷ് കുമാര്‍, ഡിഡിഇ. പി. കൃഷ്ണന്‍, സതീഷ്, കെ. ജയപാലന്‍, വാര്‍ഡ് അംഗങ്ങളായ പി. ആര്‍. സുജാത, രാജേശ്വരി ജയപ്രകാശ് എന്നിവര്‍ പങ്കെടുത്തു. ലഹരി വര്‍ജ്ജന ബോധവല്‍ക്കരണ റാലിയും ലഹരിവര്‍ജ്ജനവുമായി ബന്ധപ്പെട്ട കലാപരിപാടികളും മാജിക്ഷോയും നടന്നു.