തൃശ്ശൂര്‍: സംവിധായകന് ശ്രീകുമാര്‍ മേനോന് ഭീഷണിപ്പെടുത്തുന്നുവെന്ന നടി മഞ്ജു വാര്യരുടെ പരാതിയില്‍ ഇന്ന് കൂടുതല്‍ പേരുടെ മൊഴിയെടുക്കും. ‘ഒടിയന്’ സിനിമയുടെ സെറ്റിലുണ്ടായിരുന്ന എല്ലാവരെയും വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. സെറ്റില്‍ കേക്ക് മുറിക്കുന്നതിനിടെ ശ്രീകുമാര്‍ മേനോന് കയര്‍ത്തു സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് മഞ്ജു നല്കിയ പരാതി.
സെറ്റില്‍ കേക്ക് മുറിച്ചപ്പോഴുണ്ടായിരുന്ന എല്ലാവരില്‍ നിന്നും മൊഴിയെടുക്കും. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് സജി സി ജോസഫ്, മഞ്ജു വാരിയരുടെ ഓഡിറ്റര്‍, മഞ്ജു ഫാന്‍സ് അസോസിയേഷന് സെക്രട്ടറി രേഖ തുടങ്ങിയവരില്‍ നിന്നു മൊഴിയെടുത്തു. കൂടുതല്‍ പേരില്‍ നിന്ന് മൊഴിയും തെളിവുമെടുത്ത ശേഷമായിരിക്കും തുടര്‍ നടപടികളിലേക്കു കടക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.