ഇടുക്കി: അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി നാട്ടുകാരുടെ ഫ്ളക്സ് ബോര്‍ഡ്. വേഗത കുറച്ച് വാഹനം ഓടിച്ചില്ലെങ്കില് ‘കരണം അടിച്ച് പൊട്ടിക്കും’ എന്ന ഫ്ളക്സ് ബോര്‍ഡാണ് ഇടുക്കി ജില്ലയിലെ ഉളുപ്പുണി നിവാസികള്‍ സ്ഥാപിച്ചത്.
വാഗമണ്‍ ഉളുപ്പുണി, വണ്ടിപ്പെരിയാര്‍സത്രം റൂട്ടില്‍ സഞ്ചാരികളുമായി മരണപ്പാച്ചില്‍ നടത്തുന്ന ട്രെക്കിംഗ് ജീപ്പുകളെ മുന്നില്‍ കണ്ടാണ് മുന്നറിയിപ്പ്. അതേസമയം, ദുര്‍ഘടമായ പാതകളും മലനിരകളും നിറഞ്ഞ റോഡുകളിലൂടെ കുതിച്ചു പായുന്ന ട്രെക്കിംഗ് ജീപ്പുകള്‍ക്ക് നേരെ പോലീസും മോട്ടോര്‍ വാഹന വകുപ്പും കണ്ണടക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
പരാതികള്‍ പലതു നല്‍കിയെങ്കിലും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും ഇതൊന്നും കണക്കിലെടുക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
നിരന്തരമായി അപകടങ്ങള്‍ നടക്കുന്ന റൂട്ടാണ് വാഗമണ്‍-ഉളുപ്പുണി റൂട്ട്. ഇക്കഴിഞ്ഞ സെപ്തംബര്‍ ഏഴിന് തമിഴ്നാട് സ്വദേശികളുമായി യാത്ര ചെയ്ത ജീപ്പ് 60 അടി താഴ്ചയിലേക്ക് മറിഞ്ഞ് 8 പേര്‍ക്ക് പരുക്കേറ്റിരുന്നു.
സെപ്തംബര്‍ 10നും ഒരു ജീപ്പ് മറിഞ്ഞുവെങ്കിലും അന്ന് ആര്‍ക്കും പരിക്ക് പറ്റിയില്ല. 13നും അപകടം നടന്നു. അന്ന് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴ്ക്കാണ്. ഈ മാസം 12നും അപകടം ഉണ്ടായി. നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ ട്രെക്കിംഗ് ജീപ്പ് ഇടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരുക്ക് പറ്റിയിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മറ്റൊരു ട്രെക്കിംഗ് ജീപ്പ് മറിഞ്ഞ് എറണാകുളം സ്വദേശികളായ ആറു പേര്‍ക്ക് പരുക്ക് പറ്റി. ഇത്തരത്തില്‍ അപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഉളുപ്പുണി നിവാസികള്‍ ഇത്തരത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
Discussion about this post