പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയ പത്ത് ആന്ധ്രാ സ്വദേശിനികളായ യുവതികളെ പമ്പയിൽ പോലീസ് തടഞ്ഞത് സംബന്ധിച്ച് അറിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സന്നിധാനത്ത് ചേർന്ന മണ്ഡല മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട് അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശങ്കകൾ ഒഴിഞ്ഞുള്ള മണ്ഡലകാലമായിരിക്കും ഇതെന്നുംശബരിമല തീർത്ഥാടന കാലം കുറ്റമറ്റ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായെന്നും കടകംപള്ളി വ്യക്തമാക്കി. നിലയ്ക്കലിൽ വാഹന പാർക്കിങ് സൗകര്യം ആവശ്യത്തിനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ചെറിയ വാഹനങ്ങളെ നിലക്കലിൽ നിന്ന് പമ്പയിലേക്ക് കടത്തിവിടും. വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ ലാബ് സ്ഥാപിക്കും. നിലക്കലിൽ ബസ് കയറാൻ ക്യൂ സിസ്റ്റം കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഈ മണ്ഡലകാലം കൊണ്ട് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എല്ലാ ദിവസവും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരാനും തീരുമാനമുണ്ട്. കെയു ജനീഷ് കുമാർ എംഎൽഎ, രാജു എബ്രഹാം എംഎൽഎ, ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ വാസു, പത്തനംതിട്ട ജില്ലാ കളക്ടർ പിബി നൂഹ്, സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും
Discussion about this post