സ്വപ്‌ന പദ്ധതികള്‍ സാക്ഷാത്കരിച്ച് പിണറായി സര്‍ക്കാര്‍; ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ പദ്ധതി തിങ്കളാഴ്ച നാടിന് സമര്‍പ്പിക്കും

തൃശ്ശൂര്‍: ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ പദ്ധതി തിങ്കളാഴ്ച നാടിന് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എതിര്‍പ്പുയര്‍ത്തിയവരെ വിശ്വാസത്തിലെടുത്തും മതിയായ നഷ്ടപരിഹാരം നല്‍കിയുമാണ് സംസ്ഥാനത്തിന്റെ വികസനത്തിന് വന്‍ കുതിപ്പേകുന്ന സ്വപ്ന പദ്ധതി നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പദ്ധതികള്‍ മുടങ്ങിക്കിടക്കാനുള്ളതല്ല, പൂര്‍ത്തിയാക്കാനുള്ളതാണെന്നും മുഖ്യമന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:

ഉപേക്ഷിക്കാന്‍ തീരുമാനിച്ച ഒരു പദ്ധതി കൂടി ഈ സര്‍ക്കാരിന്റെ ഇച്ഛാശക്തിയില്‍ സാധ്യമായിരിക്കുന്നു. എതിര്‍പ്പുയര്‍ത്തിയവരെ വിശ്വാസത്തിലെടുത്തും മതിയായ നഷ്ടപരിഹാരം നല്‍കിയുമാണ് ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ സര്‍ക്കാര്‍ പൂര്‍ത്തിയാക്കുന്നത്.

447 ടവറുകളില്‍ 351 എണ്ണവും പൂര്‍ത്തീകരിച്ചത് ഈ സര്‍ക്കാരിന്റെ കാലത്ത്. 148 കിലോ മീറ്ററില്‍ 138 കിലോ മീറ്റര്‍ ലൈനും മൂന്നേകാല്‍ വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി. സംസ്ഥാനത്തിന്റെ വികസനത്തിന് വന്‍ കുതിപ്പേകുന്ന സ്വപ്ന പദ്ധതിയാണ് തിങ്കളാഴ്ച നാടിന് സമര്‍പ്പിക്കുന്നത്.

ഗെയില്‍ പൈപ്പ് ലൈന്‍, ദേശീയപാതാ വികസനം, ജലപാതാ വികസനം, ദിര്‍ഘകാലം മുടങ്ങി കിടന്ന സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതികള്‍ പലതും സാക്ഷാത്ക്കരിക്കപ്പെടുകയാണ്. പദ്ധതികള്‍ മുടങ്ങിക്കിടക്കാനുള്ളതല്ല, പൂര്‍ത്തിയാക്കാനുള്ളതാണ്.

Exit mobile version