ഇന്ന് വൃശ്ചികം ഒന്ന്. മണ്ഡലകാലം ഇന്ന് ആരംഭിക്കും, ഇനി എങ്ങും ഭക്തിയും വ്രതാനുഷ്ഠാനങ്ങളും ശരണം വിളികളുടെയും നാളുകള്‍. 41 ദിവസമാണ് ഒരു മണ്ഡലകാലം. പൗര്‍ണ്ണമിക്കു ശേഷം പ്രതിപദം മുതല്‍ അടുത്ത പൗര്‍ണ്ണമി വരെ 30 ദിവസവും പിന്നീട് ഏകാദശി വരെയുള്ള 11 ദിവസവും ചേരുന്നതാണ് 41 ദിവസത്തെ മണ്ഡലകാലം. അയ്യപ്പ മുദ്ര രുദ്രാക്ഷമാലയില്‍ ധരിച്ച്, കറുപ്പുടുത്ത് വ്രതശുദ്ധിയോടെയാണ് ഓരോ അയ്യപ്പന്മാരും പതിനെട്ടാം പടി ചവുട്ടുന്നത്.
ഹൈന്ദവ സംസ്കാരത്തില്‍ ഏറ്റവും പ്രാധാന്യമുള്ള വ്രതമാണ് മണ്ഡലകാല വ്രതം. ശാസ്താപ്രീത്യര്‍ത്ഥമായി അനുഷ്ഠിക്കുന്ന ഈ വ്രതത്തെ ശബരിമല വ്രതമെന്നും പറയുന്നു. വൃശ്ചികം ഒന്നിന് രാവിലെ ക്ഷേത്രത്തില്‍ വെച്ച് രുദ്രാക്ഷം, തുളസിമാല എന്നിവയിലേതെങ്കിലും ധരിച്ചുകൊണ്ട് വ്രതം ആരംഭിക്കുന്നു. മദ്യം, മാംസാഹാരം, പകലുറക്കം തുടങ്ങിയവ പൂര്‍ണ്ണമായി ഒഴിവാക്കി അഹിംസ, സത്യം, ആസ്തേയം, ബ്രഹ്മചര്യം, സരളത എന്നിവ പാലിച്ചുകൊണ്ടാണ് വ്രതം അനുഷ്ഠിക്കേണ്ടത്. ധനു പതിനൊന്നിന് നടക്കുന്ന മണ്ഡലപൂജയോട് കൂടി മണ്ഡലകാലം പരിസമാപ്തിയിലെത്തുന്നു.