കല്പറ്റ: വിനോദയാത്രയ്ക്കിടെ അപകടകരമായ രീതിയില്‍ വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. വീഡിയോ സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിച്ചതോടെയാണ് ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തത്. സംഭവത്തില്‍ വയനാട് സ്വദേശി എം ഷാജി എന്നയാളുടെ ലൈസന്‍സ് ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു.
അശ്രദ്ധമായും മനുഷ്യജീവന് അപായമുണ്ടാകുന്ന വിധം വാഹനമോടിച്ചെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആര്‍ടിഒ വ്യക്തമാക്കി. കോളേജ് വിദ്യാര്‍ത്ഥികളുടെ ഗോവാ യാത്രയ്ക്കിടെയായിരുന്നു സംഭവം. ഡ്രൈവിങ് സീറ്റിലിരുന്ന് ഷാജി വാഹനമോടിക്കുമ്പോള്‍ ഗിയര്‍ മാറുന്നത് പിന്നിലിരിക്കുന്ന പെണ്‍കുട്ടികളാണ്.
ഇതിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. വിഡിയോ ശ്രദ്ധയില്‍പ്പെട്ട മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ അന്വേഷിച്ച് വണ്ടിയും ഡ്രൈവറയെയും കണ്ടെത്തി നടപടി സ്വീകരിക്കുകയായിരുന്നു.
എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ബിജു ജെയിംസിന്റെ നേതൃത്വത്തില്‍ ഡ്രൈവറെ മോട്ടര്‍വാഹന വകുപ്പിന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തിയെന്നും ആര്‍ടിഒ അറിയിച്ചു.
Discussion about this post