തിരുവനന്തപുരം: അരവണ നിറയ്ക്കാനുള്ള കണ്ടെയ്നറുകളുടെ വിതരണത്തില്‍ നിന്നു കരാറുകാരന് പിന്മാറിയതോടെ അരവണ ക്ഷാമമുണ്ടാകുമെന്ന് ആശങ്ക. വിതരണത്തിനു കരാര്‍ ഏറ്റെടുത്തിരുന്ന കൊല്ലത്തെ ശ്രീവിഘ്നേശ്വര പായ്ക്ക്സ് പിന്മാറിയതിനെ തുടര്‍ന്നു ദേവസ്വം ബോര്‍ഡ് നിയമ നടപടിക്കൊരുങ്ങുകയാണ്. ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചതു കഴിഞ്ഞ ജൂലൈയിലാണ്. കുറഞ്ഞ തുക ക്വോട്ട് ചെയ്ത കമ്പനിക്കു കരാര്‍ നല്‍കിയെങ്കിലും ടെന്‍ഡറില്‍ പങ്കെടുത്ത ശ്രീവിഘ്നേശ്വര ഹൈക്കോടതിയെ സമീപിച്ച് കൂടിയാലോചന നടത്തി കരാര്‍ ഉറപ്പിക്കണമെന്ന വിധി സമ്പാദിച്ചു. തുടര്‍ന്ന് ഒരു കണ്ടെയ്നറിന് 4.40 രൂപ വച്ച് 1.8 കോടി കണ്ടെയ്നറുകള്‍ വിതരണം ചെയ്യുന്നതിനു ശ്രീവിഘ്നേശ്വരയ്ക്കു കരാര്‍ നല്കി. എന്നാല്‍ ബോര്‍ഡിന്റെ ഉത്തരവു ലഭിച്ചത് ഈ മാസം 8നാണെന്നു കരാറുകാര്‍ പറയുന്നു.
വിജ്ഞാപന പ്രകാരം ഒക്ടോബര്‍ 31 നകം 50% കണ്ടെയ്നറുകള്‍ കൈമാറണമായിരുന്നു. ശേഷിക്കുന്നവ വരുന്ന 30നും. 8നു കിട്ടിയ ഉത്തരവു പ്രകാരം ഈ മാസം 20 ന് 20 ലക്ഷം കണ്ടെയ്നറുകള്‍ നല്‍കണമെന്നും ആവശ്യപ്പെടുന്നു. കൂടാതെ കരുതല്‍ നിക്ഷേപമായി ഒരു കോടി രൂപ അടയ്ക്കണമെന്നും. നിക്ഷേപത്തുക കുറയ്ക്കണമെന്നും കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയേറെ കണ്ടെയ്നറുകള്‍ നല്‍കാനാവില്ലെന്നും കമ്പനി ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്. ആവശ്യപ്പെട്ട പ്രകാരം കണ്ടെയ്നറുകള്‍ നിര്‍മിച്ചു നല്‍കാനാവില്ലെന്നു കരാറുകാരന് അറിയിച്ചിട്ടുണ്ടെന്നും നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും ദേവസ്വം കമ്മിഷണര്‍ എന്‍ വാസു അറിയിച്ചു.
കഴിഞ്ഞ സീസണില്‍ ബാക്കിവന്ന 80 ലക്ഷം കണ്ടെയ്നറുകളിലാണു നിലവില്‍ അരവണ നല്‍കുന്നത്. പുതുതായി കണ്ടെയ്നറുകള്‍ എത്തുന്നില്ലെങ്കില്‍ പാത്രങ്ങളില്‍ പ്രസാദം നല്‍കുക മാത്രമേ പോംവഴിയുള്ളൂ.
Discussion about this post