ന്യൂഡല്‍ഹി: മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജ്യതലസ്ഥാനത്തും സുരക്ഷ വര്‍ധിപ്പിച്ചു. സഞ്ചരിക്കുന്നതിനായി ബുള്ളറ്റ് പ്രൂഫ് കാര്‍ നല്‍കി. ജാമര്‍ ഘടിപ്പിച്ച വാഹനവും മുഖ്യമന്ത്രിയുടെ സുരക്ഷക്കായി ഏര്‍പ്പെടുത്തി. അട്ടപ്പാടിയില്‍ മാവോവാദികള്‍ കൊല്ലപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്ക് വധഭീഷണി ഉയര്‍ന്നത്.
കഴിഞ്ഞ ദിവസം ഞങ്ങള്‍ നടപ്പിലാക്കുമെന്ന് പറഞ്ഞ് വടകര പോലീസ് സ്‌റ്റേഷനിലേയ്ക്ക് മാവോയ്‌സിറ്റുകളുടെ കത്തും ലഭിച്ചിരുന്നു. ഒപ്പം ലഘുലേഖകളും. ഇതോടെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചത്. നാല് കമാന്‍ഡോകളടക്കം 15 ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ സുരക്ഷക്കായുണ്ട്. സാധാരണ മുഖ്യമന്ത്രിക്ക് രണ്ട് കമാന്‍ഡോസിനേയാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരുന്നത്.
ഡല്‍ഹി പോലീസിനൊപ്പം കേരള പോലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്ക് സുരക്ഷ നല്‍കുന്നുണ്ട്. പോളിറ്റ്ബ്യൂറോ യോഗത്തിനായിട്ടാണ് മുഖ്യമന്ത്രി ഡല്‍ഹിയിലെത്തിയത്. അതേ സമയം ഇന്നലെ രാത്രിയില്‍ ഡല്‍ഹിയില്‍ വിമാനമിറങ്ങിയ മുഖ്യമന്ത്രി സാധാരണ യാത്ര ചെയ്യാറുള്ള വാഹനത്തില്‍ തന്നെയാണ് എകെജി ഭവനിലേക്കെത്തിയത്.