ഒരായുസ് മുഴുവന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് മക്കള്‍ക്ക് വീതിച്ച് നല്‍കി; ബാക്കിയായ വീടും സ്ഥലവും കുറുക്കുവഴിയിലൂടെ മകള്‍ സ്വന്തമാക്കി, ഒടുവില്‍ പെരുവഴിയിലായി ഈ അമ്മ

16 സെന്റ് ഭൂമിയും അതിലുള്ള വീടും മാത്രമായിരുന്നു മേരിയുടെ പേരില്‍ ഉണ്ടായിരുന്നത്.

ഇടുക്കി: ഒരായുസ് മുഴുവന്‍ ചോരനീരാക്കി കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് മുഴുവനും ആറ് മക്കള്‍ക്ക് വീതിച്ച് നല്‍കിയ അമ്മ ഇന്ന് പെരുവഴിയില്‍. സ്വന്തം മകളാണ് ഈ അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കിയത്. ഇടുക്കി ഇരട്ടയാര്‍ സ്വദേശിനി മേരിയാണ് ഇന്ന് മകളുടെ പ്രവര്‍ത്തിയില്‍ പെരുവഴിയിലായത്. തന്റെ എല്ലാ സ്വത്തുക്കളും ആറ്‌ മക്കളുടെ പേരില്‍ തുല്യമായി തന്നെയാണ് മേരി എഴുതി വെച്ചത്.

ശേഷം 16 സെന്റ് ഭൂമിയും അതിലുള്ള വീടും മാത്രമായിരുന്നു മേരിയുടെ പേരില്‍ ഉണ്ടായിരുന്നത്. തന്റെ മരണശേഷം മക്കള്‍ക്ക് തുല്യമായി തന്നെ നല്‍കാനായിരുന്നു മേരിയുടെ തീരുമാനവും. എന്നാല്‍, എല്ലാ കണക്കു കൂട്ടലുകളും മകളുടെ കുറുക്കവഴിയില്‍ തകര്‍ന്നടിയുകയായിരുന്നു. പെണ്‍മക്കളില്‍ മൂത്തവളായ സാലി പട്ടയത്തിന്റെ ആവശ്യത്തിനെന്ന് പറഞ്ഞ് വെള്ളപേപ്പറില്‍ മേരിയില്‍ നിന്ന് ഒപ്പിട്ട് വാങ്ങുകയായിരുന്നു.

പിന്നീടാണ് വീടും സ്ഥലവും എഴുതി വാങ്ങിയതാണെന്ന് ബോധ്യപ്പെട്ടത്. വീട് സ്വന്തം പേരിലാക്കിയത് ചോദ്യം ചെയ്തപ്പോഴാണ് മേരിയെ വീട്ടില്‍ നിന്ന് മകള്‍ സാലി പുറത്താക്കിയത്. മകള്‍ക്ക് എഴുതിക്കൊടുത്തതാണെന്ന തെറ്റിധാരണയില്‍ മറ്റ് മക്കളും അഭയം നല്‍കാന്‍ മടിക്കുകയായിരുന്നു. ഇതോടെയാണ് മേരി പെരുവഴിയിലായത്. നീതി തേടി ജില്ലാ കളക്ടര്‍ക്കും പോലീസിനും പരാതി നല്‍കിയിരിക്കുകയാണ് മേരി. എന്നാല്‍ ആരോപണത്തില്‍ മകള്‍ സാലി ഇതുവരേയും പ്രതികരിച്ചിട്ടില്ല.

Exit mobile version