‘പ്ലാസ്റ്റിക് തരൂ ഭക്ഷണം തരാം’: പ്ലാസ്റ്റിക് മാലിന്യ പ്രശ്‌നത്തിന് പരിഹാരം തേടി മലപ്പുറത്തിന്റെ വ്യത്യസ്ത മാതൃക

മലപ്പുറം: ജില്ലയിലെ പ്ലാസ്റ്റിക് മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ വ്യത്യസ്ത പദ്ധതി. ”പ്ലാസ്റ്റിക് തരൂ ഭക്ഷണം തരാം” മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണാനാണ് കലക്ടര്‍ ജാഫര്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് പകരം ഭക്ഷണ പാക്കറ്റ് നല്‍കുന്നതാണ് ഈ പദ്ധതി. വിശപ്പ് രഹിത നഗരം എന്നതിനോടൊപ്പം മാലിന്യ സംസ്‌കരണം കൂടെ പദ്ധതി ലക്ഷ്യം വയ്ക്കുന്നുണ്ട്. നവംബര്‍ 16 നാണ് മലപ്പുറം ജില്ലാ ഭരണകൂടം മലപ്പുറം മുനിസിപ്പാലിറ്റിയുമായി ചേര്‍ന്ന് ”പ്ലാസ്റ്റിക് തരൂ … ഭക്ഷണം തരാം …” എന്ന പദ്ധതി ആരംഭിക്കുന്നത്.

ഭക്ഷണം ആവശ്യമുള്ള ഏതൊരാള്‍ക്കും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യവുമായി എത്താം. സൗജന്യ ഭക്ഷണം എന്ന നിലയ്ക്കല്ല പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിനുള്ള സേവനത്തിനായാണ് ഭക്ഷണം നല്‍കുന്നത് എന്നതാണ് പദ്ധതിയുടെ പ്രത്യേകത.

നഗരത്തില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇപ്രകാരം മുനിസിപ്പാലിറ്റിയുടെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയിലേക്ക് എത്തിച്ച് സംസ്‌കരിക്കുന്നതിലൂടെ നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവില്‍ ഗണ്യമായ കുറവു വരുത്താനാകും.

Exit mobile version