വിഷ്ണുവിന്റെ നിറകണ്ണുകളോടെയുള്ള അഭ്യര്‍ത്ഥന സഫലം: സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുകിട്ടി, ജീവിതവും

തൃശ്ശൂര്‍: മോഷ്ടിക്കപ്പെട്ട ബാഗിലെ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു തരണേ, ജീവിതമാണ് എന്നുള്ള വിഷ്ണുവിന്റെ കണ്ണീരില്‍ കുതിര്‍ന്ന അഭ്യര്‍ത്ഥന സഫലമായി. നഷ്ടപ്പെട്ട എല്ലാ സര്‍ട്ടിഫിക്കറ്റുകളും വിഷ്ണുവിന് തിരിച്ചുകിട്ടി. കള്ളന്‍ കൊണ്ട് പോയ ബാഗ് തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന് അടുത്ത് നിന്നാണ് വിഷ്ണുവിന് തിരികെ ലഭിച്ചത്.

ഗൂഡല്ലൂര്‍ സ്വദേശി വിഷ്ണു പ്രസാദാണ് മോഷ്ടിച്ച ബാഗിലെ സര്‍ട്ടിഫിക്കറ്റുകള്‍ തന്റെ ജീവിതമാണെന്നും അവ മാത്രം നല്‍കിയാല്‍ മതിയെന്നും അപേക്ഷിച്ച് രംഗത്ത് വന്നത്. വിഷ്ണു പ്രസാദിന് വേണ്ടി ഒറ്റക്കെട്ടായാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ അണിനിരന്നത്.

ഇക്കഴിഞ്ഞ പത്താംതീയതിയാണ് വിഷ്ണു പ്രസാദിന്റെ ബാഗ് മോഷണം പോയത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോകുന്നതിനായി തൃശ്ശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ കാത്തിരിക്കുന്ന സമയത്താണ് ബാഗ് മോഷണം പോയത്. ഏഴു വര്‍ഷത്തെ സാധാരണ ജോലിക്ക് ശേഷം ജര്‍മന്‍ കപ്പലില്‍ ലഭിച്ച മികച്ച ശമ്പളമുള്ള ജോലിക്ക് വേണ്ട ആവശ്യത്തിന് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പോകുന്ന സമയത്താണ് മോഷണം നടന്നത്.

ഉടന്‍ തന്നെ റെയില്‍വേ പോലീസില്‍ അറിയിച്ചെങ്കിലും റെയില്‍വേ അധികൃതര്‍ കൈമലര്‍ത്തി. സ്റ്റേഷനിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തതും വിഷ്ണുവിന് തിരിച്ചടിയായി. നാല് ദിവസമായി നഗരത്തില്‍ സര്‍ട്ടിഫിക്കറ്റ് അന്വേഷിച്ചുള്ള അലച്ചിലിലായിരുന്നു വിഷ്ണു. ഇതിനിടയിലാണ് മാധ്യമങ്ങളെ കണ്ട് വിഷ്ണു തന്റെ സങ്കടം പങ്കുവെച്ചത്.

നടന്മാരായ സണ്ണി വെയിന്‍, സുരാജ് വെഞ്ഞാറമൂടും വിഷ്ണുവിന് സഹായവുമായി രംഗത്തുവന്നു. ഈ അഭ്യര്‍ത്ഥനകള്‍ക്കെല്ലാമുള്ള അന്ത്യമാണ് വിഷ്ണുവിന് ഒടുവില്‍ തിരികെ ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍.

Exit mobile version