കണ്ണൂര്‍: പോലീസിന്റെ വീഴ്ചയില്‍ മാല കവര്‍ച്ച കേസില്‍ പ്രവാസി മലയാളിയെ ആളുമാറി മാറി അറസ്റ്റ് ചെയ്ത സംഭവത്തില്‍ യഥാര്‍ത്ഥ പ്രതി പിടിയിലായി. വടകര സ്വദേശി ശരത് വത്സരാജ് ആണ് അറസ്റ്റിലായത്. നേരത്തെ കതിരൂര്‍ സ്വദേശി താജുദ്ധീനെ ചക്കരക്കല്‍ പോലീസ് അറസ്റ്റ് ചെയ്ത് 54 ദിവസം റിമാന്‍ഡ് ചെയ്തിരുന്നു.
മകളുടെ നിക്കാഹിനായി നാട്ടിലെത്തിയ താജുദ്ദീനെ ഓഗസ്റ്റ് 11നാണ് ചക്കരക്കല്‍ എസ്‌ഐ ബിജു അറസ്റ്റ് ചെയ്തത്. വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞയാളുടെ സിസിടിവി ദൃശ്യങ്ങളിലെ സാമ്യം മാത്രം നോക്കിയായിരുന്നു അറസ്റ്റ്. വീട്ടമ്മ തിരിച്ചറിഞ്ഞതല്ലാതെ മറ്റ് ശാസ്ത്രീയ തെളിവുകളൊന്നും ഉണ്ടായിരുന്നില്ല. 54 ദിവസത്തെ ജയില്‍വാസത്തിന് ശേഷം, സ്വന്തം നിലയില്‍ അന്വേഷിച്ച് തന്റെ രൂപത്തോട് സാമ്യമുള്ള സമാന കേസില്‍ ജയിലിലായ ക്രിമിനല്‍ കേസ് പ്രതിയുടെ ഫോട്ടോകള്‍ സഹിതം ഡിജിപിക്ക് പരാതി നല്‍കുകയായിരുന്നു.
തെളിവുകള്‍ സഹിതം കാര്യങ്ങള്‍ ഡിജിപിക്ക് മുന്നില്‍ വിവരിച്ചതിനെ തുടര്‍ന്ന് തുടര്‍ന്ന് ക്രൈം ബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്താന്‍ ഡിജിപി ഉത്തരവിട്ടു. സംഭവം അന്വേഷിച്ച ക്രൈം ബ്രാഞ്ച് സംഘം താജുദ്ദീന്‍ നിരപരാധിയാണെന്നും പോലീസിന് വീഴ്ച പറ്റിയെന്നും കണ്ടെത്തുകയായിരുന്നു. താജുദ്ദീന്റെ പക്കല്‍ നിന്നും പോലീസ് പിടിച്ചെടുത്ത 56,000 രൂപയും പാസ്‌പോര്‍ട്ടും തിരികെ നല്‍കാന്‍ ഡിജിപി കണ്ണൂര്‍ എസ്പിക്ക് നിര്‍ദേശം നല്‍കി. അറസ്റ്റ് ചെയ്ത എസ്‌ഐക്കെതിരെ നടപടിക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. പണവും പാസ്‌പോര്‍ട്ടും തിരികെ ലഭിച്ചെങ്കിലും എസ്.ഐക്കെതിരെ നടപടിയുണ്ടായില്ല. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ ആകെ ചെയ്തത് എസ്‌ഐയെ സ്ഥലം മാറ്റുകയായിരുന്നു.