ആലപ്പുഴ: സംസ്ഥാനത്തെ പാതകളെ മികവുറ്റതാക്കാൻ പണമനുവദിച്ച് പൊതുമരാമത്ത് വകുപ്പിന്റെ നീക്കം. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള റോഡ് അറ്റകുറ്റപ്പണികൾക്കായി 700 കോടി രൂപ അനുവദിച്ചുവെന്നു മന്ത്രി ജി സുധാകരൻ അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിലും കഴിഞ്ഞ ദിവസവുമായാണ് തുക അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.
ഓരോ മണ്ഡലത്തിലെയും മരാമത്ത് റോഡുകളുടെ ദൈർഘ്യം അനുസരിച്ച് ഉപരിതലത്തിൽ അറ്റകുറ്റപ്പണി നടത്തേണ്ട റോഡുകളുടെ വിവരങ്ങൾ എക്‌സിക്യൂട്ടിവ് എഞ്ചിനീയർമാർ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേകമായി ഈ തുക കണ്ടെത്തി നൽകിയതെന്ന് മന്ത്രി വിശദീകരിച്ചു.
അറ്റകുറ്റപ്പണികൾ ഒരു വർഷം നിലനിൽക്കുന്ന തരത്തിൽ ശാസ്ത്രീയമായാണു നടത്തേണ്ടത്. റോഡുകൾ സ്ഥിരം കേടുപാടുകൾ സംഭവിക്കുന്ന പ്രദേശങ്ങളിൽ നല്ല നിലവാരമുള്ള ഇന്റർലോക് ടൈലുകൾ വിരിക്കാനും നിർദേശിച്ചിട്ടുണ്ട്. ഡിസംബർ 31 വരെ കാത്തിരിക്കാതെ കാലാവസ്ഥ അനുകൂലമായ സാഹചര്യം നോക്കി ജോലികൾ അടിയന്തരമായി പൂർത്തിയാക്കാൻ എഞ്ചിനീയർമാർ നടപടിയെടുക്കണം. ചീഫ് എഞ്ചിനീയർ മുതൽ എല്ലാ ഉദ്യോഗസ്ഥരുടെയും മേൽനോട്ടവും പരിശോധനയും ജാഗ്രതയും ഈ പ്രവർത്തനങ്ങളിൽ ഉണ്ടാകണമെന്നും മന്ത്രി നിർദേശിച്ചു.
Discussion about this post