കണ്ണൂര്‍: ഹോട്ടലുകളിലും തട്ടുകടകളിലും രാത്രികാല പരിശോധന നടത്തണമെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ ടിവി സുഭാഷ് നിര്‍ദ്ദേശം നല്‍കി. ഹോട്ടലുകളിലും തട്ടുകടകളിലും നല്‍കുന്ന ആഹാര പദാര്‍ത്ഥങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താനാണിത്.
എല്ലാ ഭക്ഷ്യ വസ്തു വിപണന കേന്ദ്രങ്ങളിലും ഉപഭോക്താക്കള്‍ക്ക് പരാതിപ്പെടുവാനുള്ള ഭക്ഷ്യ സുരക്ഷ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് ചേംബറില്‍ സംഘടിപ്പിച്ച ഭക്ഷ്യ സുരക്ഷ ഉപദേശക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
ഹോസ്റ്റല്‍ മെസ്സുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാന്റീനുകളിലും കുട്ടികള്‍ക്കു നല്‍കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളുടെയും വയോജന കേന്ദ്രങ്ങളിലും അനാഥാലയങ്ങളിലും അന്തേവാസികള്‍ക്കു നല്‍കുന്ന ഭക്ഷണത്തിന്റെയും ഗുണ നിലവാരം ഉറപ്പു വരുത്തണമെന്നും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.