തൃശ്ശൂര്‍: ഇരിങ്ങാലക്കുടയില്‍ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയില്‍ പോള്‍സന്റെ ഭാര്യ ആലീസിനെ (58) ഇന്നലെയാണ് വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കവര്‍ച്ചാ ശ്രമത്തിനിടെയാണ് വീട്ടമ്മയെ കൊലപ്പെടുത്തിയെന്ന് പ്രാഥമിക നിഗമനത്തിലാണ് പോലീസ്. ഇതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇന്നലെ ആലീസിന്റെ വീട്ടിലെത്തിയ ചവുട്ടി കച്ചവടക്കാരനെയും പക്ഷിയെ വാങ്ങാനെത്തിയ ആളെയുമാണ് പോലീസ് തിരയുന്നത്.
കൂനന്‍വീട്ടില്‍ പരേതനായ പോള്‍സന്റെ ഭാര്യയാണ് ആലീസ്. ഇവര്‍ വീട്ടില്‍ തനിച്ചായിരുന്നു താമസം. മക്കളെല്ലാം വിദേശത്താണ്. വീട് പുറത്തുനിന്ന് പൂട്ടിയനിലയിലാണ് കാണപ്പെട്ടത്. ആലീസ് ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമാണോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.
എന്നും രാവിലെ പള്ളിയില്‍ പോകാറുള്ള ആലീസ് എട്ടരയോടെ വീട്ടില്‍ മടങ്ങിയെത്താറുണ്ട്. അതിനാല്‍ തന്നെ കൊലപാതകം നടന്നത് രാവിലെ 8.30ക്കും ഉച്ചയ്ക്ക് 12 നും ഇടയിലാകാമെന്നാണ് നിഗമനം. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി. പോലീസ് നായ വീട്ടിനകത്ത് നിന്നും മണം പിടിച്ച് തൊട്ടടുത്ത ചന്തയിലേക്ക് ഓടിക്കയറി.
അതേസമയം, ഇന്ന് രാവിലെ പോലീസ് അയല്‍വാസികളില്‍ നിന്ന് മൊഴിയെടുത്തു. വീട്ടിലെത്തിയ ചവുട്ടി കച്ചവടക്കാരനെയും വീട്ടിലെ ലൗ ബേഡ്‌സിനെ വാങ്ങാനെത്തിയയാളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.