പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയ സൗകര്യങ്ങള്‍ വിലയിരുത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇന്ന് നിലക്കലും പമ്പയും സന്ദര്‍ശിക്കും. ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിച്ച് മനുഷ്യാവകാശ ലംഘനം നടത്തുകയാണ് എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കും അംഗങ്ങളായ കെ മോഹന്‍കുമാറും പി മോഹനദാസും പമ്പയിലും നിലയ്ക്കലിലും സന്ദര്‍ശനം നടത്തും.
ദര്‍ശനത്തിനായി എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് അടിയന്തിരമായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നും, ദേവസ്വം കമ്മീഷണര്‍, ഡിജിപി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി എന്നിവര്‍ ഇക്കാര്യത്തില്‍ അടിയന്തിര പരിഹാരമുണ്ടാക്കണമെന്നും ഉദ്യോഗസ്ഥര്‍ രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.