പ്രളയത്തിൽ തകർന്ന കേരളം അടിയന്തര സഹായമായി ആവശ്യപ്പെട്ടത് 2101 കോടി രൂപ; മോഡി സർക്കാർ നൽകിയത് വട്ടപൂജ്യം! ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ സഹായ പ്രളയവും

തൃശ്ശൂർ: പ്രളയാനന്തര കേരളത്തിനോട് അവഗണന തുടർന്ന് കേന്ദ്രസർക്കാർ. അപ്രതീക്ഷിത പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട നാടിന്റെ പുനരുദ്ധാരണത്തിനായി കേരളം അടിയന്തര സഹായ തുകയായി കോടികൾ ആവശ്യപ്പെട്ടെങ്കിലും ചില്ലിക്കാശ് പോലും നൽകാതെയാണ് കേന്ദ്രത്തിന്റെ ക്രൂരത. ഈ വർഷം കേരളത്തെ ബാധിച്ച പ്രളയത്തിൽ അടിയന്തര സഹായധനമായി സംസ്ഥാനം ആവശ്യപ്പെട്ടത് 2101 കോടി രൂപയായിരുന്നു.

എന്നാൽ, കേരളത്തിന്റെ ആവശ്യത്തോട് മനസാക്ഷിയില്ലാതെ അവഗണന കാണിച്ച കേന്ദ്രസർക്കാർ പ്രളയസഹായമായി ഒരു രൂപ പോലും കേന്ദ്രസർക്കാർ നൽകിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഡിസാസ്റ്റർ മാനേജ്മെന്റ് ഡിവിഷൻ നൽകിയ വിവരാവകാശ മറുപടിയിൽ പറയുന്നു.

2019-’20 സാമ്പത്തിക വർഷത്തിൽ സംസ്ഥാനങ്ങളുടെ ദുരന്ത പ്രതികരണ നിധിയിലേക്കു നൽകുന്ന തുകയുടെ ആദ്യ ഗഡുവായ 52.27 കോടി മാത്രമാണ് കേന്ദ്രത്തിൽനിന്ന് ഇതുവരെ ലഭിച്ചത്. കേരളത്തിനു പുറമേ വലിയതോതിൽ പ്രളയം ബാധിച്ച ബിഹാറിനും കേന്ദ്രത്തിന്റെ സഹായധനം ലഭിച്ചിട്ടില്ല.

ബിജെപി ഭരിക്കുന്ന കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്കാണെങ്കിൽ സർക്കാരുകളുടെ ആവശ്യം പരിഗണിച്ച് കേന്ദ്ര ദുരന്ത നിവാരണ വിഭാഗത്തിൽ നിന്ന് ആവശ്യാനുസരണം ധനസഹായം ലഭിച്ചിരുന്നു. കർണ്ണാടകയ്ക്ക് 2441.26 കോടിയും മഹാരാഷ്ട്രയ്ക്ക് 2479.29 കോടി രൂപയുമാണ് ലഭിച്ചത്. വിവരാവകാശ പ്രവർത്തകനായ രാജു വാഴക്കാലയുടെ അപേക്ഷകൾക്കാണ് ഇക്കാര്യം വ്യക്തമാക്കുന്ന മറുപടി ലഭിച്ചത്.

Exit mobile version