കേരള ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് ആക്ടില്‍ ഭേദഗതിയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി നല്‍കിയിരിക്കുകയാണ്. ഇതോടെ ചുമട്ടു തൊഴിലാളികള്‍ എടുക്കുന്ന ചുമടിന്റെ പരമാവധി ഭാരം 75 കിലോഗ്രാമില്‍ നിന്ന് 55 കിലോഗ്രാമായി കുറയും. ഒരുപാട് നാളത്തെ തൊഴിലാളികളുടെ ആവശ്യമാണ് സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. ഇതിനെ കുറിച്ച് ഉണ്ണി എന്നയാള്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു.
കുറിപ്പ് വായിക്കാം:
”എന്റെ അച്ഛന്‍ ചാലയില്‍ ചുമട്ടുതൊഴിലാളി ആയിരുന്നു. ഇപ്പൊ ചേട്ടന്‍ ആ പണി ചെയ്യുന്നുണ്ട്. കുറച്ചുകാലം ഞാനും ഇതേ പണി അവിടെ ചെയ്തിരുന്നതാണ്. ചെറുപ്പക്കാരായ നിരവധി തൊഴിലാളികള്‍ അവിടെ ചുമടെടുക്കുന്നുണ്ട്. ഒരു ചാക്കിനു 3 രൂപ മുതല്‍ കൂലിയുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളില്‍ പരമാവധി കാശുണ്ടാക്കാന്‍ ചാക്കും തലയിലേറ്റി ഒരോട്ടമുണ്ട്.
ക്യാരറ്റ്,ബീറ്റ്റൂട്ട്,മത്തന്‍,ചേന തുടങ്ങിയ പച്ചക്കറികള്‍ വരുന്ന ചാക്കിനു ഏറ്റവും കുറഞ്ഞത് 85 കിലോ ഉണ്ടാകും 120 കിലോ ചാക്കുകള്‍ വരെ ചാലയില്‍ എത്താറുണ്ട്. അത് തലയിലെടുത്ത തൊഴിലാളികളുടെ മുഖത്ത് ചോര വലിഞ്ഞു കയറിയ ഭീതി കാണാം.
അഞ്ചുവര്‍ഷം നിരന്തരം ഇങ്ങനെ ചുമടെടുത്താല്‍ ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ നിരവധിയാണ്. അവശതയോടെ യൗവനം തീര്‍ത്ത് കളയേണ്ടി വന്ന അനേകം ചെറുപ്പക്കാര്‍ ഉണ്ട്. ചാക്കിന്റെ ഭാരം കുറയ്ക്കാന്‍ തൊഴിലാളികള്‍ സംഘടിതമായി നിരന്തരം സമരങ്ങള്‍ നടത്താറുണ്ട്.
പലരും ലാഘവത്തോടെ കണ്ടിരുന്ന ഗൗരവകരമായ ഒരു വിഷയത്തെ ഇവിടെ ഒരു സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി പരിഹരിക്കാന്‍ തയ്യാറായിരിക്കുന്നു. ചുമട്ടു തൊഴിലാളികള്‍ എടുക്കുന്ന ചുമടിന്റെ പരമാവധി ഭാരം 75 കിലോഗ്രാമില്‍ നിന്ന് 55 കിലോഗ്രാമായി കുറയ്ക്കുന്നതിന് കേരള ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് ആക്ടില്‍ ഭേദഗതി കൊണ്ടുവരാന്‍ മന്ത്രിസഭ തീരുമാനിച്ചു.
ഇതു സംബന്ധിച്ച കരടുബില്‍ മന്ത്രിസഭ അംഗീകരിച്ചു. സ്ത്രീകളും പതിനഞ്ചിനും പതിനെട്ടിനും ഇടയ്ക്ക് പ്രായമുള്ള ചെറുപ്പക്കാരും എടുക്കുന്ന ചുമടിന്റെ പരമാവധി ഭാരം 35 കിലോഗ്രാമായി നിജപ്പെടുത്തുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
ഇത് ഇടതു സര്‍ക്കാരാണ്. അവഗണന അനുഭവിക്കുന്നവരുടെയും, അധസ്ഥിത വിഭാഗത്തിന്റെയും, തൊഴിലാളികളുടെയും അശരണരുടെയും സര്‍ക്കാര്‍.
വിവാദങ്ങളിലല്ല എനിക്ക് നേരിട്ടനുഭവിക്കാന്‍ കഴിയുന്ന മാറ്റങ്ങളിലൂടെയാണ് ഞാന്‍ എന്റെ സര്‍ക്കാരിനെ വിലയിരുത്തുക. എന്റെ സര്‍ക്കാര്‍ ഇടതുപക്ഷ സര്‍ക്കാരാണ്. എല്ലാവിഭാഗം ജനങ്ങളെയും മാനവികതയുടെ കൊടിയടയാളം വിടര്‍ത്തി സ്വീകരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരാണ് എന്റേത്…”