തിരുവനന്തപുരം: സുപ്രീം കോടതിയുടെ ശബരിമല വിധിയിൽ സന്തോഷമെന്ന് പ്രതികരിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിഷയത്തിൽ അന്തിമ വിധി വന്നാലേ അത് ആഘോഷിക്കാൻ കഴിയൂ. അതുവരെ വിശ്വാസികളായ യുവതികൾ ശബരിമലയ്ക്ക് പോവില്ലെന്നാണു കരുതുന്നത്. ഇത്തവണ യുവതികളെ എത്തിക്കാൻ സർക്കാർ മുൻകൈ എടുക്കുമെന്ന് തോന്നുന്നില്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു. വിധി വിശാല ബെഞ്ചിനു വിട്ടതോടെ പഴയ വിധി സ്റ്റേ ചെയ്തതിനു തുല്യമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
അതേസമയം, ഇന്നത്തെ വിധി വിശ്വാസത്തിന്റേയും വിശ്വാസ സമൂഹത്തിന്റേയും വിജയമെന്ന് എൻഎസ്എസ് പ്രതികരിച്ചു. സുപ്രീംകോടതി വിധിയെ അനുകൂലിച്ച് കോൺഗ്രസും ബിജെപിയും രംഗത്തെത്തി. യുവതികളെ പോലീസ് എത്തിക്കരുതെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
വിശ്വാസം സംരക്ഷിക്കുന്ന വിധിയെന്ന് ഉമ്മൻചാണ്ടിയും പറഞ്ഞു. അതേസമയം, വിധി വക്രീകരിക്കാൻ ആരും നോക്കരുതെന്നും യുവതികൾ ശബരിമലയിലേക്ക് കയറാൻ ശ്രമിച്ചാൽ തടയുമെന്നുമായിരുന്നു കുമ്മനം രാജശേഖരന്റെ പ്രതികരണം.
Discussion about this post