കൊച്ചി: കേരളത്തിന്റെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും വേഷംകെട്ടുമായി ശബരിമലയിലേക്ക് വന്നാല്‍ ബിജെപി ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം ശോഭാ സുരേന്ദ്രന്. യുവതി പ്രവേശന വിധി സ്റ്റേ ചെയ്യാതെ, വിധി പുനപരിശോധിക്കാനായി വിശാല ബെഞ്ചിന് വിട്ടതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്.
കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ എത്തിയവരെല്ലാം മുഖ്യമന്ത്രിയുടേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടേയും ഗൂഢാലോചനയുടെ ഫലമായിട്ടായിരുന്നു. അവരല്ലാതെ അയ്യപ്പനില്‍ വിശ്വസിക്കുന്ന സ്ത്രീകളാരും ശബരിമലയില്‍ എത്തിയിരുന്നില്ല. അത്തരത്തില്‍ വീണ്ടും ഒരുനീക്കം മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുകയാണെങ്കില്‍ ബിജെപി ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും ശോഭാ സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി നില്‍ക്കേണ്ടത് ഭക്തരോടൊപ്പമാണ്. ഭക്തരോടൊപ്പം നില്‍ക്കാനുള്ള പ്രായോഗിക സമീപനത്തിലേക്ക് മുഖ്യമന്ത്രി വരണമെന്നും ശോഭാ സുരേന്ദ്രന് ആവശ്യപ്പെട്ടു. ശബരിമല യുവതീപ്രവേശന വിധി വിശാല ബെഞ്ചിന് കൈമാറിയത് ഭക്തരെ സംബന്ധിച്ച് ആശ്വാസകരമാണെന്നും ശോഭാ സുരേന്ദ്രന് പ്രതികരിച്ചു.
Discussion about this post