തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശന വിധിയെ എതിർത്ത് നൽകിയ പുനഃപരിശോധന ഹർജികൾ വിശാല ബെഞ്ചിന് വിട്ട ഉത്തരവ് ഭാഗികമായ വിജയമെന്ന് രാഹുൽ ഈശ്വർ. ശബരിമല പുനഃപരിശോധന ഹർജികളിലെ സുപ്രീം കോടതി തീരുമാനത്തെ അനുകൂലമായി കാണുന്നുവെന്നും വിധി പുനപരിശോധിച്ചു എന്നതിന്റെ അർത്ഥം മുൻപുള്ള വിധിയിൽ ഏതെങ്കിലും തരത്തിലുള്ള പോരായ്മകൾ ഉണ്ടെന്നു തന്നെയാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇത് ഭാഗികമെങ്കിലും വലിയ വിജയമാണെന്നും രാഹുൽ ഈശ്വർ പ്രതികരിച്ചു.
വിവിധ മതങ്ങളോട് ചേർത്തുകൊണ്ട് വിധി പുനപരിശോധിക്കുന്നതിനോട് എതിർപ്പില്ല. പാർസി, മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളുമായി സഹകരിച്ച് വിശ്വാസ സംരക്ഷണത്തിനായുള്ള പോരാട്ടം മുൻപോട്ട് കൊണ്ടുപോവും. നാളെ മുതൽ ശബരിമലയിൽ പ്രാർത്ഥനാ യജ്ഞങ്ങൾ ആ ആരംഭിക്കുമെന്നും രാഹുൽ വ്യക്തമാക്കി.
മുമ്പുണ്ടായത് പോലെ ഇത്തവണ ശബരിമല പ്രവേശനത്തിനായി സ്ത്രീകൾ എത്തിയാൽ ഗാന്ധിയൻ മാർഗത്തിൽ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ അക്രമങ്ങൾ ഉൾപ്പെടെ തങ്ങളുടെ ഭാഗത്ത് നിന്നും കുറച്ച് തെറ്റുകൾ വന്നു, ഇത്തവണ അത് തിരുത്തിക്കൊണ്ട് ആവശ്യമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും രാഹുൽ പറഞ്ഞു.
Discussion about this post