തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധി പുനഃപരിശോധിക്കാൻ വിശാല ഭരണഘടനാ ബെഞ്ചിന് വിട്ടതിന് പിന്നാലെ വിഷയത്തിൽ രൂക്ഷപ്രതികരണവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ഇനിയും സംസ്ഥാന സർക്കാർ പാഠം പഠിച്ചില്ലെങ്കിൽ, പ്രതികരണം രൂക്ഷമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ച് സർക്കാർ പ്രശ്‌നമുണ്ടാക്കരുതെന്നും കുമ്മനം ആവശ്യപ്പെട്ടു.
സുപ്രീം കോടതി വിധി സ്വാഗതാർഹമാണ്. ഈ കാര്യത്തിൽ ദേവസ്വംബോർഡ് ഒളിച്ചുകളി അവസാനിപ്പിക്കണം. ദേവസ്വം ബോർഡ് എന്തുകൊണ്ട് പുനഃപരിശോധന ഹർജിയിൽ കക്ഷിയായില്ല. ശബരിമല യുവതീ പ്രവേശനം അനുവദിച്ച നേരത്തെയുളള വിധിയിൽ അപാകതയുണ്ടെന്നാണ് ഇപ്പോൾ വന്ന വിധിയുടെ അർത്ഥം. അതിനാൽ അന്തിമവിധി വരുന്നത് വരെ ഈ സർക്കാർ കാത്തിരിക്കണം. ഈ സമയത്ത് ഏതെങ്കിലും യുവതികൾ ശബരിമലയിൽ കയറണം എന്നാവശ്യപ്പെട്ട് വന്നാൽ അവരെ തടയണം. അവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി തിരിച്ചയക്കണം. മുമ്പുണ്ടായിരുന്ന ആചാരങ്ങൾ തുടരാൻ അനുവദിക്കുകയാണ് വേണ്ടത്. ഇനിയും പാഠം പഠിക്കാതെ സർക്കാർ യുവതികളെ കയറ്റാൻ ശ്രമിച്ചാൽ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ശബരിമലയിലെ യുവതീപ്രവേശനം പുനഃപരിശോധിക്കണമെന്നും മതപരമായ വിഷയങ്ങളെ നിസാരമായി കാണാനാവില്ലെന്നുമാണ് സുപ്രീംകോടതി ഇന്ന് വിധിച്ചത്. നിലവിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ അഞ്ചംഗ സമിതിയാണ് കേസ് പരിഗണിച്ചത്. ഈ കേസാണ് ഇനി ഏഴംഗ ബെഞ്ചിന് വിടുന്നത്.
Discussion about this post