ഇടുക്കി: ശബരിമല യുവതീ പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ ഏഴംഗ വിശാല ബെഞ്ചിലേക്ക് വിട്ട സുപ്രീംകോടതി തീരുമാനത്തില്‍ പ്രതികരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്.
സുപ്രീംകോടതി വിധി ഏത് സന്ദര്‍ഭത്തിലും സ്വീകരിക്കും. ഒരു സംശയവും ഇല്ലാതെ വിധിയെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുന്നു. ഈ നിലപാട് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാമെന്നും ദേവസ്വം മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, പ്രതിപക്ഷം രാഷട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്നും പ്രകോപനം ഉണ്ടാക്കാനല്ല പ്രതിപക്ഷം ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അയോധ്യ വിധി മാന്യമായി സ്വീകരിച്ച നാടാണ്. അയോധ്യ വിധി എങ്ങനെ ആണോ സ്വീകരിച്ചത് ആ മട്ടില്‍ സുപ്രീംകോടതി വിധികളെ കാണാന്‍ കഴിയണം, അല്ലാതെ പ്രകോപനം ഉണ്ടാക്കാനല്ല ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
നിലവിലെ യുവതീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ലാത്ത സാഹചര്യത്തില്‍ സ്ത്രീകളെത്തിയാല്‍ ശബരിമല കയറ്റുമോ എന്ന ചോദ്യത്തിന് ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കരുതെന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ മറുപടി. അനാവശ്യ കാര്യങ്ങള്‍ ചോദിക്കരുത്. വിധി പഠിച്ച ശേഷം കൂടുതല്‍ പ്രതികരണം ആകാമെന്നും കടകംപള്ളി പറഞ്ഞു.