കോട്ടയം: കോട്ടയത്ത് അരി വ്യാപാര കേന്ദ്രത്തിലെ അരി ചാക്കുകള്‍ക്ക് മുകളില്‍ വിതറിയിരിക്കുന്നത് മാരക കീടനാശിനിയായ അലുമിനിയം ഫോസ്‌ഫൈഡ് എന്ന് കണ്ടെത്തി. കോട്ടയം ഏറ്റുമാനുരിലെ സ്വകാര്യ വ്യാപാര കേന്ദ്രമായ പേരൂര്‍ കവലയിലെ കൊച്ചുപുരയ്ക്കല്‍ ട്രേഡേഴ്‌സ് എന്ന് അരി കടയിലാണ് സംഭവം. അതിസുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യേണ്ട കീടനാശിനിയാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.
0.15 ഗ്രാം ഉള്ളിലെത്തിയാല്‍ ആരോഗ്യവാനായ ഒരാളെ മരണത്തിലേക്കു നയിക്കാന്‍ കരുത്തുള്ള മാരകവിഷമാണ് അലുമിനിയം ഫോസ്‌ഫൈഡ്. അതേസമയം വായുസഞ്ചാരം കുറവുള്ള ക്യാബിനുകളില്‍ തുണിയില്‍ പൊതിഞ്ഞ് മൂലകളില്‍ മാത്രം കരുതേണ്ട കീടനാശിനിയാണിത്.
അരി വ്യാപാര കേന്ദ്രത്തില്‍ നടത്തിയ പരിശോധനകളില്‍ 81 ചാക്കുകളിലായി 1660 കിലോഗ്രാം അരിയില്‍ കീടനാശിനിയുടെ അംശം കണ്ടെത്തി. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കടയുടെ ലൈസന്‌സ് റദ്ദാക്കുകയും താല്ക്കാലികമായി പൂട്ടുകയും ചെയ്തു. അരിയുടെ സാംപിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചതായി ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.
പരിശോധനാഫലം കിട്ടിയതിന് ശേഷം ബാക്കി നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ശ്വാസത്തിലൂടെയോ വായിലൂടെയോ 0.15 ഗ്രാമിലധികം ഉള്ളിലെത്തിയാല്‍ രക്തത്തില്‍ കലരുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്ത് മരണം സംഭവിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.