വിളവൂര്‍ക്കല്‍: ജനല്‍ചില്ലുകള്‍ തകര്‍ത്ത് വെടിയുണ്ട കിടപ്പുമുറിയില്‍ എത്തിയതില്‍ പരിഭ്രാന്തി മാറാതെ വീട്ടുകാര്‍. വിളവൂര്‍ക്കല്‍ പൊറ്റയില്‍ കാവടിവിള ശിവോദയത്തില്‍ അജിത്തിന്റെ വീട്ടിനുള്ളിലേക്കാണു വെടിയുണ്ട തുളച്ചു കയറിയത്. അജിത്തും ഭാര്യ നീതുവും കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ വീട്ടില്‍ ഇല്ലായിരുന്നു. അജിത്തിന്റെ അച്ഛനും അമ്മയും മാത്രമാണു വീട്ടിലുണ്ടായിരുന്നത്.
എന്നാല്‍ ഇരുവരും വീടിന്റെ താഴത്തെ നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ 11ന് ആശുപത്രിയില്‍ നിന്നും അജിത്തും ഭാര്യയും എത്തിയപ്പോഴാണു വീടിന്റെ മുകളിലത്തെ നിലയില്‍ അടച്ചിട്ടിരുന്ന കിടപ്പുമുറിയിലെ രണ്ടു ജനല്‍ പാളികളില്‍ ഒന്നിന്റെ ചില്ല് തകര്‍ന്നതു ശ്രദ്ധയില്‍പെട്ടത്.
തുടര്‍ന്നു മുറി വൃത്തിയാക്കിയപ്പോഴാണു വെടിയുണ്ട ലഭിച്ചത്. ശേഷം ഇവര്‍ നെടുമങ്ങാട് ഡിവൈഎസ്പിയെ വിവരം അറിയിച്ചു. വെടിയുണ്ട കൊണ്ടാണു ചില്ലു തകര്‍ന്നതെന്നു പോലീസ് സ്ഥിരീകരിച്ചു. ബാലിസ്റ്റ് സ്ക്വാഡും ഫൊറന്‍സിക് വിഭാഗവും ഇന്നു പരിശോധന നടത്തും. മുറി പൂട്ടി പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്.
അതേസമയം വീട്ടുകാരോട് ഭയപ്പെടേണ്ടതില്ലെന്നും മൂക്കുന്നിമലയിലെ വ്യോമസേനയുടെ ഉടമസ്ഥയിലുള്ള ഫയറിങ് സ്റ്റേഷനില്‍ നിന്നാവും വെടിയുണ്ട വന്നതെന്നു പോലീസ് അറഫിയിച്ചു. അതിനിടെ ശനിയാഴ്ച മൂക്കുന്നിമലയില്‍ വിവിധ സേനാവിഭാഗങ്ങളുടെ പരിശീലനം നടന്നതായി അന്വേഷണ സംഘം പറഞ്ഞു.
അതേസമയം നേരത്തേയും ഇത്തരത്തില്‍ സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായി പോലീസ് ചൂണ്ടിക്കാട്ടി. 2 വര്‍ഷം മുമ്പ് വിളവൂര്‍ക്കല്‍ സിന്ധുഭവനില്‍ രാമസ്വാമിയുടെ വീട്ടില്‍ വെടിയുണ്ട തുളച്ചു കയറിയിരുന്നു. അന്നു വീട്ടിനുള്ളില്‍ കുട്ടികളടക്കം ഒട്ടേറെ പേരുണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്കാണു പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. കൂടാതെ നാലു വര്‍ഷം മുമ്പ് മലയം ശിവക്ഷേത്രത്തിനു സമീപം വീട്ടുമുറ്റത്തു നില്‍ക്കുകയായിരുന്ന സ്ത്രീയുടെ വയറ്റില്‍ ബുള്ളറ്റ് പതിച്ചു സാരമായ പരുക്കേറ്റു.
അന്ന് മൂക്കുന്നിമലയിലെ ഫയറിങ് സ്റ്റേഷനില്‍ നിന്നാണ് ഇവിടങ്ങളില്‍ ബുള്ളറ്റ് എത്തിയതെന്നായിരുന്നു പോലീസിന്റെ വാദം എന്നാല്‍ തങ്ങള്‍ക്ക് തെറ്റ് സംങവിക്കില്ലെന്ന് വ്യോമസേനയിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മൂക്കുന്നിമലയില്‍ നിന്നും കിലോമീറ്റര്‍ അകലെയുള്ള ഈ പ്രദേശങ്ങളില്‍ വെടിയുണ്ട വരാന്‍ സാധ്യത കുറവാണെന്നാണു സൈന്യത്തിന്റെ വിശദീകരണം. എന്നാല്‍ ഫയറിങ് സ്റ്റേഷനില്‍ പരിശീലനം നടക്കുമ്പോഴാണ് ഇതു സംഭവിക്കുന്നതെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.
Discussion about this post