തിരുവനന്തപുരം: വീണ്ടുമൊരു ചരിത്ര വിധിക്ക് കാതോര്‍ത്തിരിക്കുകയാണ് സംസ്ഥാനം. ശബരിമലയില്‍ സ്ത്രീപ്രവേശനം വേണമോ എന്ന കാര്യത്തിലാണ് നാളെ അന്തിമ തീരുമാനം വരിക. ഈ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. സുപ്രീംകോടതി വിധി എന്ത് തന്നെയായിലും അംഗീകരിക്കുമെന്നാണ് പദ്മകുമാര്‍ പറയുന്നത്.
എല്ലാവരും സംയമനത്തോടെ വിധിയെ അംഗീകരിക്കണമെന്നും അദ്ദേഹം പറയുന്നു. ശബരിമല വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ അമ്പതിലധികം പുനഃപരിശോധന ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുന്‍പില്‍ ഉള്ളത്. ഈ ഹര്‍ജികളിലാണ് നാളെ വിധി പറയുക.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28 നായിരുന്നു ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടന ബെഞ്ചിന്റെ വിധി വന്നത്. ശേഷം ശബരിമലയില്‍ ദര്‍ശനത്തിനായി സ്ത്രീകള്‍ എത്തിയതിനു പിന്നാലെ വന്‍ തോതിലുള്ള പ്രതിഷേധങ്ങളാണ് ഉയര്‍ന്ന് വന്നത്. സംസ്ഥാനം അക്ഷരാര്‍ത്ഥത്തില്‍ അക്രമാസക്തം തന്നെയായിരുന്നു. രാവിലെ 10.30 നാണ് കോടതി വിധി പ്രസ്താവിക്കുക.