നെടുമ്പാശ്ശേരി: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി ഏഴുദിവസത്തെ വിദ്യാഭ്യാസ ശാക്തീകരണ യാത്ര സംഘടിപ്പിച്ച് ന്യൂനപക്ഷ ക്ഷേമ വകുപ്പ്. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചരിത്ര സ്മാരകങ്ങളും സന്ദർശിക്കുകയും വിശിഷ്ട വ്യക്തികളുമായി സംവദിക്കുകയുമാണ് വിദ്യാർത്ഥികളുടെ യാത്രയുടെ ലക്ഷ്യം. വിദ്യാർത്ഥികൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും നവംബർ 11ന് യാത്ര ആരംഭിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെടി ജലീൽ പ്രത്യേക ഇടപെടൽ നടത്തിയതോടെ വിദ്യാർത്ഥികൾക്ക് ഡൽഹിയിലേക്ക് വിമാനത്തിൽ യാത്ര ചെയ്യാനുള്ള അവസരം ലഭിച്ചത് ഇതിനിടയിൽ ഇരട്ടിമധുരമായി. പ്രളയാനന്തര കേരളത്തിന് അധികമായ സാമ്പത്തിക ബാധ്യത വരുത്താതിരിക്കാൻ സ്പോൺസർമാരെ മന്ത്രി കണ്ടെത്തുകയായിരുന്നു. ഇതോടെ സ്പോൺസർമാരുടെ സഹായത്തോടെയാണ് വിദ്യാർത്ഥികളുടെ യാത്ര.
ജെഎൻയു, ജാമിയ മില്ലിയ യൂണിവേഴ്സിറ്റി, ഡൽഹി യൂണിവേഴ്സിറ്റി, എയിംസ്, നാഷണൽ ലോ യൂണിവേഴ്സിറ്റി, ഇഗ്നോ യൂണിവേഴ്സിറ്റി,എൻസിഇആർടി, സെറി, ഐഐടി വിവിധകേന്ദ്ര സർവ്വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാർത്ഥികൾ യാത്രയ്ക്കിടയിൽ സന്ദർശിക്കും.
രാഷ്ട്രപതി ഭവൻ, പാർലമെന്റ് മന്ദിരം, രാജ്ഘട്ട്, റെഡ്ഫോർട്ട്, ഡൽഹി ജുമാ മസ്ജിദ്, ഇസ്കൺ ടെംപിൾ, അക്ഷർദാം ടെംപിൾ, പാലികാ ബസാർ, ലോടസ് ടെംപിൾ, കുത്തബ് മിനാർ, ഇന്ത്യാ ഗേറ്റ്, സുപ്രീംകോടതി എന്നിവയും യാത്രയ്ക്കിടയിൽ സന്ദർശിക്കും. യൂണിവേഴ്സിറ്റി തലവന്മാരുമായി സംവദിക്കാനും രാഷ്ട്രപതിയേയും ഡൽഹി മുഖ്യമന്ത്രിയേയും കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രിയേയും കാണുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കുന്നുണ്ട്.
സംസ്ഥാന സർക്കാരിന് അധിക സാമ്പത്തിക ബാധ്യത വരാത്തവിധം വകുപ്പ് മന്ത്രി ഡോ. കെടി ജലീൽ സ്പോൺസർമാരെ കണ്ടെത്തി ടിക്കറ്റ് ഒഡേപക് വഴി നൽകിയാണ് ഈ പരിപാടിയുടെ യാത്ര വിമാനത്തിലാക്കിയത്. ലേക്ക് ഷോർ ഹോസ്പിറ്റൽ, പികെ സ്റ്റീൽസ്, മലബാർ ഗോൾഡ് എന്നിവരാണ് 10 എക്സ്കോർട്ടിങ് സ്റ്റാഫ് ഉൾപ്പടെ 130 പേരുടെ യാത്ര വിമാനമാർഗ്ഗമാക്കുന്നതിന് സഹായം നൽകിയത്. പ്രളയബാധിത കേരളത്തിൽ സർക്കാരിന് അധിക സാമ്പത്തിക ബാധ്യത വരാതിരിക്കാനാണ് സ്പോൺസർഷിപ്പ് സ്വീകരിച്ചത്.
കേരളത്തിലെ ന്യൂമപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിലെ ഹയർസെക്കന്ററി സ്കൂളുകളിൽ 10000 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് വകുപ്പ് നടത്തിയ പരിപാടിയിൽ നിന്നും തെരഞ്ഞെടുത്ത 1200 വിദ്യാർത്ഥികൾക്കായി ജില്ലാ കേന്ദ്രങ്ങളിൽ നടത്തിയ രണ്ടുദിവസത്തെ ക്യാംപ് വഴിയാണ് എക്സ്പ്ളോറിങ് ഇന്ത്യ യാത്രയ്ക്കുള്ള 120 പ്രഗത്ഭരായ വിദ്യാർത്ഥികളെ തെരഞ്ഞെടുത്തിട്ടുള്ളത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ സമർത്ഥരായ വിദ്യാർത്ഥികളാണ് പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ആദ്യമായാണ് ഇങ്ങനെയൊരു പദ്ധതിക്ക് തുടക്കമിടുന്നത്. മുസ്ലിം, ക്രിസ്ത്യൻ, ജൈന മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഈ പരിപാടിയിൽ അവസരം ലഭിച്ചിട്ടുണ്ട്. കേന്ദ്ര സർവകലാശാലകളിലും പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടുകളും കണ്ടറിഞ്ഞ് അവിടെ ചേർന്ന് പഠിക്കാൻ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കാനാണ് ഇത്തരം പരിപാടി സംഘടിപ്പിക്കുന്നതെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പത്ര കുറിപ്പിൽ പറയുന്നു.
സിവിൽ സർവീസ് രംഗത്തും കേന്ദ്രസർവീസിലും ന്യൂനപക്ഷ ജനവിഭാഗത്തിന് പ്രാതിനിധ്യം കൂടുതൽ ഉറപ്പിക്കാൻ ഇത്തരം പരിപാടികൾകൊണ്ട് സാധിക്കുമെന്ന് അധികൃതരും കണക്കുകൂട്ടുന്നുണ്ട്. ഡൽഹി യാത്ര ന്യൂനപക്ഷ ക്ഷേമ ഡയറക്ടർ ഡോ. മൊയ്തീൻകുട്ടി എബി ഫ്ളാഗ് ഓഫ് ചെയ്തു. സിസിഎവി പ്രിൻസിപ്പൽമാരായ പ്രൊഫ.ജമീല, ഡോ. ഹസീന, ഡോ.സജി മാത്യു, ശ്രീമിത്ര എൻആർ എന്നിവർ സംസാരിച്ചു.
Discussion about this post