ന്യൂഡല്‍ഹി: വീണ്ടുമൊരു ചരിത്ര വിധിക്ക് കാതോര്‍ത്തിരിക്കുകയാണ് സംസ്ഥാനം. ശബരിമലയില്‍ സ്ത്രീപ്രവേശനം സാധ്യമോ എന്ന കാര്യത്തില്‍ സുപ്രീംകോടതി വിധി നാളെ പറയും. ശബരിമല കേസിലെ പുനഃപരിശോധന ഹര്‍ജികളിലാണ് കോടതി വ്യാഴാഴ്ച വിധി പറയുക.
രാവിലെ 10.30 നാണ് വിധി. എല്ലാപ്രായത്തിലും ഉള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ വിധി പുനഃപരിശോധിക്കണോ വേണ്ടയോ എന്ന കാര്യത്തിലാണ് നാളെ അന്തിമ തീരുമാനം വരുന്നത്. 2006 ജൂലൈ 28 ന് തുടങ്ങിയ നിയമ നടപടികള്‍ ഏത് രീതിയിലാകും ഇനി മുന്നോട്ടുപോകുക എന്ന് തീരുമാനിക്കുന്ന വിധിയാണ് വരാനിരിക്കുന്നത്. പോയവര്‍ഷമാണ് ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമാകാം എന്ന് പറഞ്ഞുള്ള ചരിത്ര വിധിയെത്തിയത്.
വിധിയുടെ അടിസ്ഥാനത്തില്‍ യുവതി പ്രവേശനത്തിനായി സംസ്ഥാന സര്‍ക്കാര്‍ സുരക്ഷയും ഒരുക്കിയിരുന്നു. എന്നാല്‍ സ്ത്രീപ്രവേശന വിധിയില്‍ കടുത്ത പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയര്‍ന്നത്. വന്‍ തോതില്‍ പ്രതിഷേധക്കാരും ശബരിമലയില്‍ തമ്പടിച്ചിരുന്നു. ശബരിമലയില്‍ തൊഴാന്‍ എത്തിയ യുവതികളെ തടഞ്ഞും ഉപദ്രവിച്ചും അക്രമങ്ങളും സംസ്ഥാനത്ത് അരങ്ങേറി. ഇതിനു പിന്നാലെയാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജികളിലാണ് നാളെ നിര്‍ണ്ണായക വിധിയെത്തുന്നത്.