കൊച്ചി: അസ്ഥി നുറുങ്ങുന്ന വേദനയിലും സ്വപ്നമായ ജോലിയ്ക്ക് വേണ്ടി ആംബുലന്‍സിലെത്തി പിഎസ്സി പരീക്ഷ എഴുതി ഉദ്യോഗാര്‍ഥി. കോട്ടയം മാന്നാനം സ്വദേശിനിയായ സ്മോളിയാണ് കടുത്ത ശാരീരിക അവശതകളെ അവഗണിച്ചും എറണാകുളം എസ്കെവി സ്കൂളില്‍ പരീക്ഷ എഴുതാന്‍ എത്തിയത്.
കോട്ടയം മെഡിക്കല്‍ കോളേജിന്റെ ഭാഗമായുള്ള കുട്ടികളുടെ ആശുപത്രിയില്‍ ഇസിജി ടെക്നീഷ്യനാണ്. പത്തുദിവസം മുമ്പാണ് സ്മോളിയ്ക്ക് വാഹനാപകടത്തില്‍ ഗുരുതരപരിക്കേറ്റത്. കഴുത്തിന് പരുക്ക്, ശരീരമാസകലം മുറിവ്, അസ്ഥി നുറുങ്ങുന്ന വേദന. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പക്ഷേ കാത്തിരുന്ന പിഎസ്സി പരീക്ഷ ഉപേക്ഷിക്കാന്‍ സ്മോളി ഒരുക്കമായിരുന്നില്ല.
പരീക്ഷയെഴുതാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ആദ്യമെതിര്‍ത്തെങ്കിലും ഡോക്ടര്‍മാര്‍ സമ്മതം മൂളി. ആംബുലന്‍സില്‍ എറണാകുളത്തേക്ക്.
എറണാകുളം എസ്കെവി സ്കൂളിലേക്ക് ആംബുലന്‍സ് സ്മോളിയുമായി പറന്നെത്തി.
ആംബുലന്‍സില്‍ നിന്നും പുറത്തിറങ്ങിയ ആളുകള്‍ക്കൊപ്പം പിഎസ്സി ജീവനക്കാര്‍ വണ്ടിയിലേക്കെത്തി. മെഡിക്കല്‍ രേഖകളും ചീട്ടുകളുമൊക്കെ വിശദമായി പരിശോധിച്ചു. പരീക്ഷയെഴുതാന്‍ സമ്മതം കിട്ടിയതോടെ വേദനയിലും ആത്മവിശ്വാസത്തോടെ സ്മോളി പുഞ്ചിരിച്ചു.
Discussion about this post