കോഴിക്കോട്: അസംഘടിത തൊഴില്‍ മേഖലയിലെ സ്ത്രീകളുടെ അവകാശത്തിനായി പോരാടുന്ന ‘പെണ്‍കൂട്ടി’ന്റെ പ്രവര്‍ത്തക വിജിയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം. ഈ വര്‍ഷം ലോകത്തെ സ്വാധീനിച്ച നൂറ് വനിതകളുടെ പട്ടികയിലാണ് കോഴിക്കോട് നിന്നുള്ള ഈ മലയാളി വനിത ഇടം നേടിയിരിക്കുന്നത്. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവത്തിക്കുന്ന സംഘടനയാണ് ‘പെണ്‍കൂട്ട്’. 2009ലാണ് പെണ്‍കൂട്ട് രൂപികരിച്ചത്. 2012ല്‍ കോഴിക്കോട് മിഠായി തെരുവില്‍ സ്ത്രീകള്‍ക്കായി ശുചിമുറി പണിയണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തിലൂടെയാണ് പെണ്‍കൂട്ട് ജനശ്രദ്ധയാകര്‍ഷിച്ചു തുടങ്ങിയത്.
കടകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് തുല്യ വേതനവും ഒരു അവധി പോലുമില്ല എന്ന് വിജി പറയുന്നു. ജോലി സമയത്ത് ഒന്ന് ഇരിക്കാന്‍ പോലും അനുവാദമുണ്ടായിരുന്നില്ല. ഇതാണ് ഇരിക്കല്‍ സമരത്തിന് വഴി വച്ചത്. 2013-14ലാണ് ഇരിക്കല്‍ സമരം നടന്നത്. സമരത്തിനൊടുവില്‍ തുണിക്കടകള്‍, ജ്വല്ലറികള്‍ തുടങ്ങിയ കടകളിലെ എല്ലാ തൊഴിലാളികള്‍ക്കും ഇരിപ്പിടം അനുവദിച്ചു കൊണ്ടുള്ള ബില്‍ മന്ത്രിസഭയില്‍ പാസായി. തുടര്‍ന്നും നിരവധി സമരങ്ങള്‍ പെണ്‍കൂട്ടിന്റെ നേതൃത്വത്തില്‍ നടന്നു.
സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ചതിനാണ് വിജി പട്ടികയില്‍ ഇടം നേടിയത്. പട്ടികയില്‍ വിജി 73ാം സ്ഥാനത്താണ്. വിജി ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ വനിതകള്‍ പട്ടികയിലുണ്ട്. സുന്ദര്‍ബാന്‍സിലെ ഗ്രാമത്തിലേക്ക് സഞ്ചാര മാഗം പണിയാന്‍ പ്രവര്‍ത്തിച്ച മീന ഗായെന്‍ 33ാം സ്ഥാനത്താണ്.
പശ്ചിമ ഇന്ത്യയിലെ ആദിവാസി സമൂഹത്തില്‍ കാര്‍ഷിക മുന്നേറ്റത്തിനായി പ്രവര്‍ത്തിച്ച റഹിബി സേമ പോപറെ 76ാം സ്ഥാനത്താണ്. 60 രാജ്യങ്ങളില്‍ നിന്നാണ് നൂറ് പേരെ തിരഞ്ഞെടുത്തിരിക്കുന്നത്. നൈജീരിയ സ്വദേശി അബിസോയി അജായിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. പെണ്‍കുട്ടികളെ കോഡിംഗ്, വെബ്സൈറ്റ് നിര്‍മാണം തുടങ്ങിയവ പഠിപ്പിക്കുന്ന സംഘടനയുടെ അമരക്കാരിയാണ് അബിസോയി.
Discussion about this post