തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണം നിലനിര്‍ത്തി എല്‍ഡിഎഫ്. സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം കൈവരിച്ച മുന്‍ മേയര്‍ വികെ പ്രശാന്തിന്റെ പിന്‍ഗാമിയായി സിപിഎം സ്ഥാനാര്‍ത്ഥി കെ ശ്രീകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാര്‍ത്ഥി പേട്ട കൗണ്‍സിലര്‍ ഡി അനില്‍ കുമാറിനേയും ബിജെപി സ്ഥാനാര്‍ത്ഥി നേമം കൗണ്‍സിലര്‍ എംആര്‍ ഗോപനേയും തറപ്പറ്റിച്ചാണ് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയത്.
രാവിലെ കൗണ്‍സില്‍ ഹാളില്‍ വെച്ചാണ് വോട്ടെടുപ്പ് നടന്നത്. മേയര്‍ സ്ഥാനത്തേയ്ക്ക് ഇത്തവണ മൂന്ന് സ്ഥാനാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. ഈ സാഹചര്യത്തില്‍ രണ്ട് റൗണ്ടുകളിലായാണ് വോട്ടെടുപ്പ് നടത്തിയത്. ആദ്യഘട്ടത്തില്‍ ഏറ്റവും കുറഞ്ഞ വോട്ട് ലഭിച്ചത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി അനില്‍കുമാറിനാണ്. ശേഷം അനില്‍കുമാറിനെ ഒഴിവാക്കി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ശ്രീകുമാറും ബിജെപി സ്ഥാനാര്‍ത്ഥി എംആര്‍ ഗോപനുമായിട്ടായിരുന്നു മത്സരം.
അവിടെ എംആര്‍ ഗോപനെ പരാജയപ്പെടുത്തി എല്‍ഡിഎഫ് ഭരണം ഉറപ്പിക്കുകയായിരുന്നു. ചാക്ക വാര്‍ഡ് കൗണ്‍സിലറും കോര്‍പറേഷന്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനുമാണ് സിപിഎം വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന കെ ശ്രീകുമാര്‍. 100 അംഗങ്ങളുള്ള കോര്‍പറേഷനിലെ കക്ഷിനിലയില്‍ 42 പേരുടെ പിന്തുണ നേടിയാണ് എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചത്. ബിജെപിക്ക് 35 പേരുടെ പിന്തുണ ലഭിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് ആകെ 21 പേരുടെ പിന്തുണ മാത്രമാണ്. സ്വതന്ത്രനായി നിന്ന ആള്‍ക്ക് ഒന്നുമാണ് ലഭിച്ചത്. മേയര്‍ സ്ഥാനത്തേയ്ക്ക് എത്തിയ കെ ശ്രീകുമാറിനെ മുന്‍ മേയര്‍ വികെ പ്രശാന്ത് ആശംസകളും നേര്‍ന്നു.
Discussion about this post