കണ്ണൂര്‍: അയോധ്യ വിധിയിലെ മുസ്ലിം ലീഗ് നിലപാട് നിര്‍ഭാഗ്യകരമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. ലീഗിന്റെ ഈ നിലപാട് ശിഹാബ് തങ്ങള്‍ പൊറുക്കില്ലെന്നും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു.
ലീഗ് നിലപാടിനോട് കോണ്‍ഗ്രസ് അനുകൂലിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.
അയോധ്യ തര്‍ക്ക ഭൂമി കേസിലെ സുപ്രീംകോടതി വിധി നിരാശാജനകമെന്ന് മുസ്ലീം ലീഗ് ദേശീയ നേതൃയോഗം ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ലീഗ് നിലപാട് നിര്‍ഭാഗ്യകരമാണെന്ന അഭിപ്രായ പ്രകടനവുമായി അബ്ദുള്ളക്കുട്ടി രംഗത്തെത്തിയത്.
വിധി സമുദായത്തെ ആകെ നിരാശപ്പെടുത്തി. വിധിയില്‍ കൂടുതല്‍ ചര്‍ച്ച വേണം. വിധിയില്‍ വലിയ പൊരുത്തക്കേടുകളുണ്ട്. രാജ്യത്തെ നിയമം ബഹുമാനിക്കണമെന്നുള്ളതുകൊണ്ട് മാത്രം വിധി സ്വീകരിക്കുകയാണെന്നും ലീഗ് യോഗത്തിന് ശേഷം മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.
കോടതി അനുവദിച്ച അഞ്ചേക്കര്‍ ഭൂമി ഏറ്റെടുക്കുന്ന കാര്യവും, വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്കുന്ന കാര്യവും, രാജ്യത്തെ എല്ലാ മുസ്ലീം വിഭാഗങ്ങളുമായും ചര്‍ച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.
ഇതിനായി കെഎംഖാദര് മൊയ്തീന് ഉള്‍പ്പെടെയുള്ള നേതാക്കളെ ചുമതലപ്പെടുത്തിയെന്നും പികെ കുഞ്ഞാലിക്കുട്ടി എംപി അറിയിച്ചിരുന്നു. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലായിരുന്നു യോഗം.
Discussion about this post