തിരൂര്‍: മലപ്പുറത്ത് ഉത്സവങ്ങളില്‍ ആനയെ എഴുന്നള്ളിക്കുന്നതിന് നിയന്ത്രണം. രാവിലെ 11 മുതല്‍ വൈകീട്ട് നാലു മണി വരെ ആനകളെ എഴുന്നള്ളിക്കുന്നതും രജിസ്റ്റര്‍ ചെയ്യാത്ത ആനകളെ ഉള്‍പ്പെടുത്തുന്നതിലുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യങ്ങള്‍ക്ക് തീരുമാനമായത്. ആനകളെ എഴുന്നള്ളിപ്പിക്കുന്നതിന് ഉള്ള നിബന്ധനകകളും നിര്‍ധേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
ഉത്സവങ്ങള്‍ നടക്കുന്നതിനുള്ള അപേക്ഷ ജില്ല മോണിറ്ററിങ് കമ്മിറ്റിയില്‍ മൂന്ന് ദിവസം മുമ്പ് സമര്‍പ്പിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഉത്സവങ്ങളില്‍ അഞ്ചിലധികം ആനകളെ പങ്കെടുപ്പിക്കുന്നുണ്ടെങ്കില്‍ ആന എഴുന്നള്ളിപ്പിനുള്ള അപേക്ഷ 30 ദിവസം മുമ്പ് കമ്മറ്റിയില്‍ സമ്മര്‍പ്പിച്ചിരിക്കണമെന്നും ഉത്സവക്കമ്മിറ്റിക്കാര്‍ 25 ലക്ഷത്തില്‍ കുറയാതെ പബ്ലിക് ലയബിലിറ്റി ഇന്‍ഷുറന്‍സും എലിഫന്റ് സ്‌ക്വാഡിനെ ഏല്‍പ്പിക്കുന്നതിനായി 3000 രൂപയും ജില്ല മൃഗസംരക്ഷണ ഓഫീസില്‍ ഒടുക്കി രസീത് കൈപ്പറ്റണമെന്നും യോഗത്തില്‍ തീരുമാനിച്ചു.
യോഗത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ രാജീവ് കുമാര്‍ ചൗധരി, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എപി ഇംതിയാസ്, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ അയൂബ്, ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. കെ ചന്ദ്രന്‍, നിലമ്പൂര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എഡി ശശിധരന്‍, ജില്ലാ ഫയര്‍ഫോഴ്‌സ് പ്രതിനിധി മൂസ വടക്കേതില്‍, സബ് ഇന്‍സ്പക്ടര്‍ കെ കുര്യന്‍, കേരള എലഫന്റ് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് ഷാജി പൈനാശ്ശേരി, ആനത്തൊഴിലാളി യൂണിയന്‍ സംഘം പ്രതിനിധി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ആനയെ എഴുന്നള്ളിപ്പിച്ചുന്നതിനായി kcems.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ മുഖേനയും അപേക്ഷ സമര്‍പ്പിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.