തിരുവനന്തപുരം: 24-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും. രാവിലെ പത്ത് മണിമുതലാണ് പൊതുവിഭാഗത്തിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നത്. 1000 രൂപയാണ് പൊതു വിഭാഗത്തിനുള്ള ഡെലിഗേറ്റ് ഫീസ്. നവംബര്‍ 26 മുതല്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 1500 രൂപയാകും ഫീസ്.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു വേണ്ട സഹായം നല്‍കുന്നതിനായി തിരുവനന്തപുരം ടാഗോര്‍ തീയേറ്ററില്‍ ഹെല്പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ ആറ് മുതല്‍ 13 വരെയാണ് ചലച്ചിത്രമേള ടക്കുന്നത്. ചലച്ചിത്രടിവി രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ക്കും നവംബര്‍ 15 മുതല്‍ 25 വരെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് നവംബര്‍ 20 മുതല്‍ 25 വരെയുമാണ് രജിസ്ട്രേഷനുകള്‍ ആരംഭിക്കുന്നത്.
ആകെ 10,000 പാസുകളാണ് വിതരണം ചെയ്യുന്നത്. ഡിസംബര്‍ ആറിന് വൈകിട്ട് ആറ് മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ചടങ്ങില്‍ അധ്യക്ഷ വഹിക്കുന്നത് സാംസ്‌കാരിക മന്ത്രി എകെ ബാലന്‍ ആണ്. മലയാളത്തിലെ മികച്ച സിനിമകളില്‍ കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച ശാരദയാണ് ഉദ്ഘാടനച്ചടങ്ങിലെ മുഖ്യാതിഥിയായി എത്തുന്നത്.