കൊച്ചി: അട്ടപ്പാടി മഞ്ചിക്കണ്ടിയിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് കുറ്റകരമായ നടപടിയുണ്ടായോയെന്ന് അന്വേഷിക്കണമെന്ന് ഹൈക്കോടതി. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കാനും കോടതി അനുമതി നല്കി.
മഞ്ചിക്കണ്ടിയിലേത് ഏറ്റുമുട്ടല്‍ കൊലപാതകമാണെന്നും, ഇതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ബന്ധുക്കളാണ് ഹര്‍ജി നല്‍കിയത്. ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുന്നത് വരെ മൃതദേഹം സംസ്കരിക്കരുതെന്നും ബന്ധുക്കള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഹര്‍ജിയാണ് ഹൈക്കോടതി തീര്‍പ്പാക്കിയിരിക്കുന്നത്.
ഏറ്റുമുട്ടലിന്റെ സാഹചര്യവും കാരണവും വിശദമായി അന്വേഷിക്കണം. ഏറ്റുമുട്ടലിന് ഉപയോഗിച്ച ആയുധങ്ങള്‍ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കണം. കൊല്ലപ്പെട്ടവരുടെ വിരലടയാളങ്ങള്‍ ശേഖരിക്കാനും ജസ്റ്റിസ് നാരയണ പിഷാരടിയുടെ ബെഞ്ച് നിര്‍ദേശിച്ചു.
പരിശോധനാ ഫലം സെഷന്‍സ് കോടതിക്കു കൈമാറാനും ഹൈക്കോടതി നിര്‍ദേശിച്ചു. ഇപ്പോള്‍ പോലീസിന്റെ സ്വതന്ത്ര അന്വേഷണമാകും നടക്കുക. അന്വേഷണം തൃപ്തികരമല്ലെന്നു തോന്നിയാല്‍ ഹര്‍ജിക്കാര്‍ക്കു വീണ്ടും കോടതിയെ സമീപിക്കാമെന്നും ബെഞ്ച് പറഞ്ഞു.
കൂടാതെ നടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കേണ്ട കാര്യമില്ലെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.