കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ആഗ്രഹമുണ്ടെന്ന് പ്രഖ്യാപിച്ച് വാര്‍ത്താ സമ്മേളനം നടത്തിയ യുവതികള്‍ക്ക് ഒപ്പമുണ്ടായിരുന്ന യുവാവിനെതിരെ സംഘപരിവാര്‍ പ്രതിഷേധം.
യുവാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഗുരുവായൂരിലെ ഒരു ബ്യൂട്ടി പാര്‍ലറിലെ ജോലിക്കാരനാണ് യുവാവ്. യുവാവിന്റെ കുടുംബവും ഈ കെട്ടിടത്തില്‍ താമസിക്കുന്നുണ്ട്. ഇവിടേക്കാണ് സംഘപരിവാര്‍ നാമജപ പ്രതിഷേധം നടത്തിയത്.
വൈകിട്ട് നാലോടെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.
എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് യുവതികള്‍ ശബരിമലയില്‍ പോകാന്‍ താല്പര്യമുണ്ടെന്ന് അറിയിച്ചത്. പ്രതിഷേധം നടത്തിയിരുന്നു. മഹിളാ മോര്‍ച്ച പ്രവര്‍ത്തകരാണ് പ്രതിഷേധം നടത്തിയത്.
പോലീസ് സംരക്ഷണം ഉറപ്പാക്കിയാല്‍ ശബരിമല ദര്‍ശനത്തിന് തയ്യാറാണെന്നറിയിച്ചാണ് യുവതികള്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. എന്നാല്‍ യുവതികളെയും കൊച്ചിയില്‍ നാമജപക്കാര്‍ ഉപരോധിച്ചു. ഒടുവില്‍ പൊലീസ് സംരക്ഷണയിലാണ് ഇവരെ പ്രസ് ക്ലബിന് പുറത്തെത്തിച്ചത്.
പ്രതിഷേധത്തെത്തുടര്‍ന്ന് ശബരിമല ദര്‍ശനത്തില്‍ നിന്ന് നേരത്തെ പിന്മാറിയ കോഴിക്കോട് സ്വദേശിനി രേഷ്മാ നിശാന്തിനൊപ്പമാണ് കണ്ണൂര്‍ സ്വദേശിനി ഷനിജ സതീഷും കൊല്ലം സ്വദേശിനി ധന്യ വിഎസും കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.
സുപ്രീം കോടതി വിധി വന്നതുമുതല്‍ സന്നിധാനത്തേക്ക് പോകാന്‍ വ്രതം അനുഷ്ടിക്കുകയാണെന്ന് യുവതികള്‍ അവകാശപ്പെട്ടു. എന്നാല്‍ കടുത്ത ഭീഷണിയുണ്ട്. പോലീസ് ആവശ്യമായ സംരക്ഷണം ഉറപ്പാക്കിയാല്‍ ഈ മണ്ഡലകാലത്തുതന്നെ ശബരിമലയ്ക്ക് പോകും എന്നും യുവതികള്‍ പറഞ്ഞു.
Discussion about this post