പാലക്കാട്: സംസ്ഥാനത്ത് ലഹരി വിരുദ്ധ സേന രൂപികരിക്കാനൊരുങ്ങി എക്‌സൈസ് വകുപ്പ്. ലഹരിക്ക് അടിമകളായ ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്. പോലീസിലടക്കം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും എക്‌സൈസ് വകുപ്പിന്റെ ഈ സേവനം ഉണ്ടാകും. എക്‌സൈസ് ഉദ്യോഗസ്ഥര്‍, പോലീസ്, ഓഫീസിലെ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍, തദ്ദേശ വാര്‍ഡ് അംഗം തുടങ്ങിയവരാണ് ലഹരി വിരുദ്ധ സേനയിലെ അംഗങ്ങള്‍.
ലഹരി ഉപയോഗിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി വിവരം സേനയുടെ ജില്ലാ ചുമതലയുള്ള എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ക്കു കൈമാറണം. തുടര്‍ന്ന് മേലാധികാരികളുടെ അനുമതിയോടെ അവര്‍ക്ക് കൗണ്‍സിലിങ്ങും ചികിത്സയും നല്‍കും. അതേസമയം ലഹരി ഉപേക്ഷിച്ച ഉദ്യോഗസ്ഥര്‍ക്ക് സമ്മാനവും നല്‍കാനാണ് തീരുമാനം. 10 ഉദ്യോഗസ്ഥരുള്ള ഓഫീസില്‍ കുറഞ്ഞതു രണ്ട് പേരെ സേനയില്‍ ഉള്‍പ്പെടുത്തും.
ഇതിന് പുറമേ പൊതുജനങ്ങളെ ഉള്‍ക്കൊള്ളിച്ച് സംസ്ഥാനത്തെ എല്ലാ വാര്‍ഡുകളിലും ലഹരി വിരുദ്ധ സേന രൂപീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ തുടങ്ങി സംസ്ഥാനത്തെ 21,871 വാര്‍ഡുകളിലും സേന രൂപീകരിക്കും.
ബോധവത്കരണം, ലഹരി വില്‍പന തടയല്‍, വില്‍പന സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കു കൈമാറല്‍ തുടങ്ങിയവയാണ് എക്‌സൈസിന്റെ ലഹരി വിരുദ്ധ സേനയുടെ ജോലി. ഈ മാസം 30നു പ്രാരംഭ നടപടി തുടങ്ങാനാണ് തീരുമാനം.