മുഹമ്മ: കുളത്തില്‍ വീണ് മരണത്തോട് മല്ലടിച്ച രണ്ടേകാല്‍ വയസുകാരിയെ ജീവിതത്തിന്റെ കരയിലേയ്ക്ക് വലിച്ചു കയറ്റിയ സുനിലിനെയും ബാലുവിനെയും ഇപ്പോള്‍ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് പ്രദേശം. പല ഭാഗത്ത് നിന്നുമാണ് ഇവരെ അഭിനന്ദിച്ച് ആളുകള്‍ എത്തുന്നത്. അതില്‍ താരമാവുന്നത് ആവട്ടെ സ്വന്തം ജീവന് പണയപ്പെടുത്തി കുഞ്ഞിനെ രക്ഷിക്കാന്‍ ചാടിയ എട്ടാം ക്ലാസുകാരന് സുനിലാണ്. സുനിലിനെ കാണാന്‍ ജനം വീട്ടിലേയ്ക്ക് ഒഴുകി എത്തുകയാണ്. എന്നാല്‍ മടക്കം കണ്ണുകള്‍ നിറഞ്ഞാണ്. കാരണം സുനിലിന്റെ അവസ്ഥ തന്നെ.
വാതിലും ജനലുമില്ലാത്ത ഒറ്റമുറിമാത്രമുള്ള കൊച്ചുവീട്ടിലാണ് ഈ കുട്ടി രക്ഷകന്റെ താമസം. പണിതീരാത്ത വീട്ടില്‍ നല്ല കസേരയോ കട്ടിലോ ഒന്നും തന്നെ ഇല്ല. അമ്മൂമ്മയുടെ പേരിലാണ് വീട്. സുനിലിന്റെ അച്ഛന് രണ്ടുവര്‍ഷംമുമ്പാണ് കുടുംബത്തെ ഉപേക്ഷിച്ച് പോയത്. അമ്മ കാവേരിയും അമ്മൂമ്മ സരസുവും സഹോദരങ്ങളായ സുധീഷും സുധനും സുകന്യയും ഈ വീട്ടിലാണ് താമസം. വര്‍ഷങ്ങള്‍ക്കുമുമ്പ് നാടോടികളായി ഇവിടെയെത്തി താമസമുറപ്പിച്ചതാണ് സുനിലിന്റെ കുടുംബം.
അമ്മൂമ്മ കൈനോട്ടക്കാരിയാണ്. അമ്മ കാവേരി കറിക്കത്തി വില്‍പ്പന നടത്തുന്നുണ്ട്. ഇതാണ് ഇവരുടെ ഏക ആശ്രയം. സുനിലും അമ്മാവന് ബാലുവും ചേര്‍ന്നാണ് ഞായറാഴ്ച കാവുങ്കല്‍ വടക്കേ തൈയില്‍ നൗഷാദിന്റെ രണ്ടേകാല്‍ വയസുള്ള കുഞ്ഞിനെ അദ്ഭുതകരമായി രക്ഷപ്പെടുത്തിയത്. സൈക്കിളില്‍ പോകുകയായിരുന്ന ഇവര്‍ റോഡിനടുത്തുള്ള കുളത്തില്‍ എന്തോ ഇളകുന്നത് ശ്രദ്ധിച്ചു. മീനാണെന്നാണ് ആദ്യം കരുതിയത്. പിടയുന്നത് ഒരു പിഞ്ചുകുഞ്ഞാണെന്നു കണ്ടതോടെ സുനില്‍ കുളത്തിലേക്കു ചാടി. പിന്നാലെ അമ്മാവനും. രണ്ടുപേരുംകൂടി കുഞ്ഞിനെ കരയ്ക്കെത്തിക്കുകയായിരുന്നു. മുഹമ്മ എബി വിലാസം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സുനില്‍.
Discussion about this post