ആലപ്പുഴ: ആലപ്പുഴയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുന്നു. പൈപ്പ് പൊട്ടലിനെ തുടര്‍ന്ന് മുടങ്ങിയ കുടിവെള്ള വിതരണം ഇന്ന് പുനഃസ്ഥാപിച്ചേക്കും. രാത്രി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായെങ്കിലും മറ്റൊരു പൈപ്പില്‍ ചെറിയ വിള്ളല്‍ കണ്ടെത്തിയതിനാല്‍ പമ്പിംഗ് തുടങ്ങാനായില്ല.
ഇന്ന് വിദഗ്ദ പരിശോധനയ്ക്ക് ശേഷം ട്രയല്‍ റണ്‍ നടത്തും. അത് വിജയിച്ചാല്‍ പൂര്‍ണ്ണതോതില്‍ പമ്പിംഗ് തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ആലപ്പുഴ നഗരസഭയിലും എട്ടു പഞ്ചായത്തുകളിലും കുടിവെള്ളം മുടങ്ങിയിട്ട് ഇന്നേക്ക് 13 ദിവസമായി.
അതേസമയം, പൈപ്പ് പൊട്ടലിന് ശാശ്വത പരിഹാരമായി തകഴി ലെവല്‍ക്രോസ് മുതല്‍ കേളമംഗലം വരെയുള്ള ഒന്നരകിലോമീറ്ററിലെ പൈപ്പ് പൂര്‍ണ്ണമായി മാറ്റി സ്ഥാപിക്കാന്‍ മന്ത്രിതലയോഗത്തില്‍ തീരുമാനമായിട്ടുണ്ട്. നിലവിലെ അലൈന്‍മെന്റില്‍, റോഡിന് പരമാവധി തകരാര്‍ സംഭിവിക്കാത്ത രീതിയില്‍ പൈപ്പ് മാറ്റി സ്ഥാപിക്കും.
ഇതിനുള്ള ചെലവ് കരാറുകാരന്റെ പക്കല്‍ നിന്ന് ഈടാക്കും. മൂന്ന് മാസത്തിനുള്ളില്‍ പൈപ്പ് മാറ്റിയിടല്‍ പൂര്‍ത്തിയാക്കും. നിലവിലെ ഹൈ ഡെന്‍സിറ്റി പോളി എത്തലീന്‍ പൈപ്പിനു പകരം നിലവാരം കൂടിയ മൈല്‍ഡ് സ്റ്റീല്‍ പൈപ്പുകളാണ് മാറ്റിസ്ഥാപിക്കുന്നത്. അതേസമയം, നിലവാരം കുറഞ്ഞ പൈപ്പുകള്‍ ഉപയോഗിച്ചതാണ് അടിക്കടിയുണ്ടാകുന്ന പൊട്ടലിനു കാരണമെന്നാണ് തകഴിയില്‍ സന്ദര്‍ശനം നടത്തിയ വകുപ്പതല അന്വേഷണസംഘത്തിന്റെ നിഗമനം.
Discussion about this post