ശബരിമല പ്രതിഷേധം: അറസ്റ്റിലായവരെ പൂജപ്പുര സെന്‍ട്രല്‍ ജയിലേക്ക് മാറ്റും; ജയിലിന് മുന്നില്‍ നാമജപ പ്രതിഷേധം

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിന് മുന്നില്‍ നാമജപ പ്രതിഷേധം. ബിജെപി പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത്. ശബരിമലയിലെ പ്രതിഷേധത്തില്‍ റിമാന്‍ഡിലായവരെ പൂജപ്പുര ജയിലിലേക്കാണ് കൊണ്ടുവരിക.

ശബരിമലയില്‍ നിന്നും ഇന്നലെ അറസ്റ്റ് ചെയ്ത 69 പേരെ രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. പത്തനംതിട്ട മുന്‍സിഫ് കോടതിയുടേതാണ് നടപടി. ഈ മാസം 21ന് ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കും.

മണിയാറിലെ കെഎപി ക്യാംപില്‍ നിന്നും വൈകീട്ട് 3 മണിയോടെയാണ് അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കിയത്. നടപ്പന്തലില്‍ ശരണംവിളിക്കുക മാത്രമാണ് ചെയ്തതെന്ന് ഇവര്‍ കോടതിയില്‍ വാദിച്ചു. നിരോധനാജ്ഞ ലംഘിച്ച് സംഘം ചേര്‍ന്നെന്നും, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നുമുളള പോലീസ് വാദം അംഗീകരിച്ച് കോടതി പ്രതിഷേധക്കാര്‍ക്ക് ജാമ്യം നിഷേധിച്ചു.

21ന് ജാമ്യാപേക്ഷ പരിഗണിക്കുമെന്നും കോടതി അറിയിച്ചു. അറസ്റ്റിലായ 70 പേരില്‍ 18 വയസില്‍ താഴെയുള്ള ഒരാളെ ക്യാംപില്‍ എത്തിച്ച ശേഷം ഒഴിവാക്കിയിരുന്നു. ആര്‍എസ്എസ് എറണാകുളം ജില്ലാ ഭാരവാഹിയായ ആര്‍ രാജേഷായിരുന്നു സന്നിധാനത്തെ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

അറസ്റ്റിലായവരെ എത്തിച്ചതിന് പിന്നാലെ മണിയാര്‍ ക്യാംപിന് പുറത്ത് തുടങ്ങിയ നാമജപ യജ്ഞം ഇവരെ കോടതിയില്‍ ഹാജരാക്കുന്നത് വരെ നീണ്ടു. പത്തനംതിട്ട മുന്‍സിഫ് കോടതിക്ക് പുറത്തും നാമജപ പ്രതിഷേധം അരങ്ങേറി. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അടക്കമുളള നേതാക്കള്‍ അറസ്റ്റിലായവരെ കാണാന്‍ കോടതിയിലെത്തി. സന്നിധാനത്തെ അറസ്റ്റിന് പിന്നാലെ ആദ്യം നാമജപയജ്ഞം തുടങ്ങിയത് ക്ലിഫ് ഹൗസിന് മുന്നില്‍ പുലര്‍ച്ച ഒരുമണിക്കാണ്.

Exit mobile version