കൊച്ചി: ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ യുവതികള്‍ നാട്ടിലേക്ക് മടങ്ങി. ദര്‍ശനം നടത്താന്‍ മാലയിട്ടപ്പോള്‍ മുതല്‍ സമൂഹത്തില്‍ നിന്ന് പലവിധ ബുദ്ധിമുട്ടുകള്‍ നേരിട്ടുവെന്ന് യുവതികള്‍ എറണാകുളത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിശ്വാസികളായി വ്രതം നോറ്റാണ് തങ്ങള്‍ ശബരിമല ദര്‍ശനം നടത്താന്‍ ഒരുങ്ങിയതെന്നും ഇവര്‍ പറഞ്ഞു.
സുരക്ഷിതരായി ശബരിമലയിലെത്തി അയ്യപ്പനെ കാണാനായി എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുകയാണെങ്കില്‍ മാത്രമേ മുന്നോട്ട് പോകാന്‍ തയ്യാറുള്ളൂവെന്നും, ദര്‍ശനം നടത്തിയ ശേഷം മാത്രമേ മാല ഊരുകയുള്ളൂ എന്നും ഇവര്‍ വ്യക്തമാക്കി. അയ്യപ്പനെ കാണാനും ആരാധിക്കാനും സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിത്തരണമെന്നും വിശ്വാസത്തെ മാനിച്ച് ശബരിമല ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പ്രസ് ക്ലബിന് താഴെ ഇവര്‍ക്കെതിരെ പ്രതിഷേധവുമായി ധാരാളം പേര് എത്തിയിരുന്നു.
വടക്കന്‍ കേരളത്തിലെ രണ്ട് ജില്ലകളില്‍ നിന്നാണ് യുവതികള്‍ എത്തിയത്. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് ഇവര്‍ കൊച്ചിയിലെത്തിയത്.
Discussion about this post